Pages

Subscribe:

Saturday, 24 December 2011

ആത്മവിലാപം


ഭൂമിയില്‍  മഴ തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു , പക്ഷെ അയാളുടെ മനസ്സിലെ മഴ പെയ്തു തീര്‍ന്നിരുന്നു.


പിന്തിരിഞ്ഞു നടക്കവേ അയാള്‍ ഓര്‍ത്തു ദൈവം വലിയവനാണ് എല്ലാമറിയുന്നവനാണ്. തന്റെ എല്ലാ ചോദ്യങ്ങള്ക്കും അയാള്‍ക്ക്  വ്യക്തമായ മറുപടി ലഭിച്ചിരുന്നു, തന്‍റെ തിരിച്ചറിവിലേക്ക് നയിച്ച കാര്യങ്ങള്‍ അയാള്‍ ഓര്‍ത്തു നോക്കി.


എല്ലാ ദിവസങ്ങളെയും പോലെ ആ ദിവസവും എന്നാണ് എന്ന് ചോദിച്ചാല്‍ അയാള്‍ക്ക് പറയുവാന്‍  കഴിയുമായിരുന്നില്ല. ആദ്യ കാലങ്ങളില്‍ ഒക്കെ  ദിവസങ്ങള്‍ ഓര്‍ത്തു വയ്ക്കുവാന്‍ ശ്രമിച്ചിരുന്നു പിന്നീട് എപ്പോഴോ എണ്ണം തെറ്റി പോയി . പച്ചപ്പോ, ബഹുനില കെട്ടിടങ്ങളോ, പക്ഷി മൃഗാദികളോ ഇല്ലാത്ത ആ ലോകത്ത് ദിവസങ്ങള്‍ക്ക് പ്രസക്തി ഉണ്ടായിരുന്നില്ല, ഒരിക്കല്‍ എണ്ണം തെറ്റിയാല്‍ പിന്നീട് ഒരിക്കലും ഓര്‍ത്തെടുക്കാന്‍ കഴിയാത്തവണ്ണം എല്ലാ ദിവസങ്ങളും ഒരേ പോലെ ആയിരുന്നു.

രാത്രിയും പകലും മാറി മാറി വന്നു കൊണ്ടിരുന്നു, നിലാവുള്ള രാത്രികളില്‍ അയാള്‍ അത്ഭുതത്തോടെ ഓര്‍ത്തു ചന്ദ്രനോ സൂര്യനോ ഇല്ലാത്ത ഈ ലോകത്ത് പകലും രാത്രിയും എങ്ങനെ ഉണ്ടാകുന്നു? ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ കൂട്ടത്തില്‍ അതും കൂടി പെറുക്കി വച്ച്   കാത്തിരുന്നു.                  വല്ലാത്ത അസ്വസ്ഥത തോന്നുന്ന  ചില ദിവസങ്ങളില്‍  അയാള്‍ ആലോചിക്കും എന്തിനാണ് തന്നെ ദൈവം ഇത്രത്തോളം ശിക്ഷിക്കുന്നത്? തനിക്ക് മുന്‍പും പിന്‍പും മരിച്ചു പോയ ആത്മാക്കള്‍ എവിടെ? ഇത്രയും ഭയാനകമായ ഒരു ഏകാന്തത തന്നു ശിക്ഷിക്കുവാന്‍ മാത്രം തെറ്റുകള്‍ ഞാന്‍ ചെയ്തോ? ചെയ്തെങ്കില്‍ എന്നാണ് അതില്‍ നിന്നൊരു പാപമോചനം?.

ദൈവം എന്ന  വ്യവസ്ഥാപിതമായ സങ്കല്‍പ്പങ്ങള്‍ക്ക് ഒരു തിരിച്ചടിയായിരുന്നു അയാള്‍ അവിടെ കണ്ടെത്തിയ ദൈവം. അരൂപിയായിരുന്നില്ല  പക്ഷെ വ്യക്തമായ ഒരു രൂപം ഉണ്ടായിരുന്നുമില്ല, ശബ്ദം വളരെ വ്യക്തമായിരുന്നു പക്ഷെ അതില്‍ ഒരു യജമാനന്റെ അധികാര സ്വരം ഉണ്ടായിരുന്നില്ല. തന്റെ ചോദ്യ ശരങ്ങള്‍ക്ക്‌ കാത്ത് നില്‍ക്കാതെ വല്ലപ്പോഴും തരുന്ന കൂടിക്കാഴ്ച്ചകളും പെട്ടെന്ന് അവസാനിപ്പിച്ച്‌ അപ്രത്യക്ഷമാകുന്ന ഒരു പ്രതിഭാസം.

ഓരോ ദിവസങ്ങളിലേയും അസ്വസ്ഥമായ ചിന്തകളുടെ ആകെ തുകയായ ഒരായിരം ചോദ്യങ്ങളും കൂട്ടി വച്ച് അയാള്‍   കാത്തിരുന്നു ഒരു മറുപടിക്കായി.


  “തെറ്റുകള്‍ ചെയ്തിട്ടുണ്ട് സമ്മതിക്കുന്നു ശിക്ഷകള്‍ ഏറ്റു വാങ്ങാനും തയ്യാറാണ്. പക്ഷെ ഏതു കുറ്റവാളിക്കും നിയമം അവന്‍ ചെയ്ത തെറ്റ് എന്താണെന്നും ശിക്ഷയുടെ കാലാവധി എത്ര എന്നും  അറിയാന്‍ ഉള്ള  ചെറിയ അവകാശം എങ്കിലും നല്‍കാറുണ്ട്, അത് പോലും നിഷേധിക്കപ്പെടാന്‍ മാത്രം എന്ത് തെറ്റാണു ഞാന്‍ ചെയ്തത്?" ദൈവം എന്ന്  പേരിട്ടു വിളിച്ച ആ പ്രതിഭാസത്തോട് ആ ദിവസം  താന്‍  പൊട്ടിത്തെറിച്ചു.


 അസ്വസ്ഥമായ മനസ്സിന്റെ പൊട്ടിത്തെറി ആയി ഒരുപാട് കാലമായി കൂട്ടി വച്ച നൂറായിരം ചോദ്യങ്ങള്‍ എല്ലാം ഓരോന്നോരോന്നായി ചോദിച്ചു. മറുപടി ഒന്നും ശരിക്കും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല മുന്‍ അനുഭവങ്ങള്‍ അയാളുടെ എല്ലാ പ്രതീക്ഷകളും നശിപ്പിച്ചിരുന്നു. അന്നും പതിവ് പോലെ മറുപടി ഒന്നും  കാര്യമായി കിട്ടിയില്ല എന്നതാണ് സത്യം.


“തെറ്റും ശരിയും വിലയിരുത്തല്‍  ഞാന്‍ നടത്താറില്ല, തെറ്റും ശരിയും ഒക്കെ നിങ്ങളുടെ ലോകത്തു മാത്രമാണ് ഇവിടെ അതിനൊന്നും പ്രസക്തി ഇല്ല, എന്റെ ഒരു മറുപടിയും നിന്നെ തൃപ്തിപ്പെടുത്താന്‍ തക്കതാവില്ല എന്ന തിരിച്ചറിവാണ് എന്നെ മൌനി ആക്കുന്നത്" അതായിരുന്നു  കിട്ടിയ  മറുപടി.


മറുപടി തൃപ്തികരമല്ലായിരുന്നു, എങ്കിലും അയാള്‍ക്ക് ദുഃഖം തോന്നിയില്ല. ആ കിട്ടിയ ചെറു മറുപടി പോലും ഒരു  വിജയമായി തോന്നി, അയാളുടെ വിശ്വാസത്തെ ന്യായികരിക്കുന്ന ഫലങ്ങളായിരുന്നു  പിന്നീട് കാത്തിരുന്നതും. അതിന്റെ അനന്തര ഫലം എന്ന പോലെയാണ്  വീണ്ടും ഭൂമി എന്ന സ്വര്‍ഗ്ഗ സന്ദര്‍ശനം അനുവദിച്ചു കിട്ടിയതും.

               പച്ചപ്പിന്റെയും, വിശുദ്ധിയുടെയും സ്വന്തം ഗ്രാമത്തില്‍  എത്തുമ്പോള്‍ ഇടവപ്പാതി മഴ ആരോടോ ഉള്ള വാശി തീര്‍ക്കാന്‍ എന്ന പോലെ തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. മഴത്തുള്ളികള്‍ അയാളുടെ ശരീരം കീറി മുറിച്ചു താഴെ വീണു ഉടഞ്ഞു കൊണ്ടിരുന്നു, മഴയുടെ കാഴ്ച  പകര്‍ന്ന അനുഭൂതി അനീര്‍വ്വചനീയം ആയിരുന്നു. സംവേദന ശേഷി നഷ്ടമായിട്ടും അയാള്‍ ആ മഴ ഒരു കൊച്ചു കുട്ടിയുടെ ആഹ്ലാദത്തോടെ ആസ്വദിച്ചു. ഒരിക്കല്‍ പോലും മഴ  അത്ര ആസ്വാദ്യകരമായി തോന്നിയിരുന്നില്ല, ആ യാത്ര എന്തിനെന്ന് അറിയില്ലെങ്കിലും  അത് സ്വന്തം ബന്ധുമിത്രാദികളെ ഒരു നോക്ക് കൂടി കാണാന്‍ ഉപയോഗിക്കുവാന്‍ തീരുമാനിച്ചിരുന്നു.


                  തന്നെ കാണുവാനോ അനുഭവിച്ച് അറിയുവാനോ സാധിക്കില്ലെങ്കിലും അവര്‍ക്ക് മുന്നില്‍ അയാള്‍ നിന്നു, അമ്മ എന്ന അത്ഭുത പ്രതിഭാസം അയാളില്‍  ഒരു അതിശയം സൃഷ്ടിച്ചു, അമ്മ എല്ലാം മറന്നിരിക്കുന്നു തന്റെ അനുജന്റെ ജീവിതം മെച്ചപ്പെടുത്താന്‍ അവര്‍ കഷ്ടപ്പെട്ട് കൊണ്ടേ ഇരിക്കുന്നു, അതിനിടയില്‍ തന്നെക്കുറിച്ച് ഓര്‍ക്കുവാന്‍ സമയം കിട്ടുന്നത് പോലും ഇല്ല അവര്‍ക്ക്. അനുജനും അവന്റെ ജീവിതം കരയ്ക്കടുപ്പിക്കാന്‍ ഉള്ള നെട്ടോട്ടമാണ്.


“അല്ലെങ്കിലും ഇവരെല്ലാം വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയ  തന്നേക്കുറിച്ചോര്‍ത്തു ദുഖിച്ചും നരകിച്ചും ജീവിതം നശിപ്പിക്കണം എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥം? “ അയാള്‍ ആത്മഗതം പോലെ പറഞ്ഞുഒഴിഞ്ഞ മദ്യ കുപ്പികള്, മുറിയിലാകെ തങ്ങി നില്‍കുന്ന പുക ഇതിനിടയില്‍ തമാശ പറഞ്ഞും തമ്മിലുടക്കിയും കെട്ടിപ്പിടിച്ചും പൊട്ടിച്ചിരിച്ചും കഴിഞ്ഞ ഒരുപിടി കൂട്ടുകാര്, അവര്‍ക്കെല്ലാം  പുതിയ കൂട്ടുകാര്‍ ആയിരിക്കുന്നു. കാലം മായ്ക്കാത്ത മുറിവുണ്ടോ ???


തന്റെ മടിയില്‍ കിടന്നു കൊണ്ട് അവള്‍ ചിരിക്കുന്നത് വര്‍ഷങ്ങള്‍ക്കു ശേഷവും നശിക്കാത്ത ഓര്‍മ്മ ആയിരുന്നു.അവളുടെ ഓര്‍മ്മകള്‍ക്ക് പോലും ഒരു വല്ലാത്ത തണുപ്പായിരുന്നു.


“നിന്റെ ചുണ്ടിന് എന്തൊരു  തണുപ്പാണ്? മഞ്ഞില്‍ തൊട്ടതു പോലെ“ അയാള്‍ അവളോട്‌ പറഞ്ഞു.

"അതെ അത് കൊണ്ടാണല്ലോ എന്നും മഞ്ഞില്‍ ഉമ്മ വച്ച് രസിക്കുന്നതും “ അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞുകത്തി നിന്ന ആ പ്രണയത്തിന്റെ ഒടുവില്‍ ശുഭപര്യവസായിയായാണ്  അവളെ സ്വന്തമാക്കിയത്. ഇന്ന് അവള്‍ സ്വന്തം മകളെ പോലും അമ്മയുടെ അടുത്താക്കിയിട്ടു മറ്റൊരുവന്റെ ഭാര്യയായി ജീവിക്കുന്നു.


“അവളെയും കുറ്റം പറയാന്‍ പറ്റില്ല അവള്‍ ചെറുപ്പം ആയിരുന്നു, ഒരു ദുസ്വപ്നത്തിന്റെ ശാപഭാരവും പേറി നല്ലൊരു ജീവിതം നശിപ്പിക്കുന്നത് വെറുമൊരു ത്യാഗം മാത്രമാണ് അതില്‍ സ്നേഹം എന്ന വികാരം എവിടെ?". 


ഓര്‍മ്മ വയ്ക്കുന്നതിനു മുന്‍പ് മരിച്ചു പോയ അച്ഛനെക്കുറിച്ച് ഓര്‍ക്കണം എന്ന് പറയുന്നത് പോലും തന്റെ മകളോടുള്ള കടുത്ത അനീതി ആണ് അയാള്‍ ഒരു ചെറു ചിരിയോടെ ഓര്‍ത്തു. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ പൂമുഖത്തു  തന്റെയും തനിക്ക് മുന്നേ വേര്‍പിരിഞ്ഞു പോയ അച്ഛന്റെയും ചിത്രങ്ങള്‍ ഭംഗിയായി  തൂക്കി ഇട്ടിട്ടുണ്ടായിരുന്നു. അച്ഛന്റെ മുഖത്ത് ഒരു ചെറുചിരി തളം കെട്ടി നില്‍ക്കുന്നുണ്ടായിരുന്നോ ?


                തിരിച്ചുള്ള വഴി വളരെ ദൂരം ഉള്ളതൊന്നും ആയിരുന്നില്ല എങ്കിലും  അവസാനമായി ഭൂമിയെ ഒന്ന് കൂടി ആസ്വദിച്ച്  നോക്കി കൊണ്ട് വളരെ മെല്ലെ ആയിരുന്നു പൊയ്ക്കൊണ്ടിരുന്നത്. പറയാതെ പറഞ്ഞ ഉത്തരങ്ങള്‍ എല്ലാം ദൈവത്തിന്റെ വരദാനങ്ങളായി അയാള്‍ക്കു തോന്നി. ആത്മാക്കളുടെ സംഗമ സ്ഥലമായി ഒരു നരകം സൃഷ്ടിക്കാന്‍ മാത്രം ദൈവം ഒരു ക്രൂരനല്ല എന്ന തിരിച്ചറിവ്  ഒരുപാട് ഉത്തരങ്ങള്‍ നല്‍കി. ആയിരം മറുപടികളേക്കാള്‍ വലുതാണൊരു തിരിച്ചറിവ് നല്‍കാന്‍ കഴിഞ്ഞാല്‍ എന്ന് അയാള്‍ ഓര്‍ത്തു.സൂചി കുത്തുന്നത് പോലെ ഉള്ള ഒരു വേദന അയാളുടെ കാലിലൂടെ അരിച്ചു കയറി വഴിയില്‍ നിന്നും  മുള്ള് തറച്ചത് ആവണം കാലില്‍, ഒരു  ഞെട്ടലോടെ സ്വന്തം കാലിലേക്ക് നോക്കി. മുള്ളായിരുന്നില്ല വലിയൊരു കൊതുക്, ശരീരം പോലും  ഇല്ലാത്ത തന്റെ ചോര കുടിച്ചു വീര്‍ത്ത വയറുമായി അത് പറന്നുയര്‍ന്നു പോകുന്നത് നോക്കി അയാള്‍ അത്ഭുതത്തോടെ ഇരുന്നു.


“ഈശ്വരാ മരണാനന്തരം ആത്മാവ് എന്നൊന്ന് ഉണ്ടാവരുതേ ഒരു ശൂന്യത മാത്രം മതി വെറും ശൂന്യത“ അയാള്‍ പിറു പിറുക്കുന്നുണ്ടായിരുന്നു ....