Pages

Subscribe:

Thursday, 20 October 2011

മാസ്റ്റര്‍ പീസ്

രാജേട്ടന്‍  കൊണ്ടു വന്ന മധുരം ഇല്ലാത്ത ചായ കുടിച്ചു കൊണ്ടിരിക്കെ അയാള്‍ ഓര്‍ത്തു തന്റെ കഥകള്‍ കുറേ ആള്‍ക്കാരെയെങ്കിലും സ്വാധീനിച്ചിട്ടുണ്ടാകില്ലേ?
തന്റെ കഥകളും രാജേട്ടന്റെ ചായയും ഏകദേശം ഒരു പോലെ തന്നെയാണ് അയാള്‍ മനസ്സില്‍ പറഞ്ഞു. രാജേട്ടന്റെ ചായക്ക് മധുരം ഇല്ല, തന്റെ കഥകള്‍ക്കും.  

"വായനക്കാരനെ പിടിച്ചിരുത്താന്‍ കഴിയാത്ത കഥകള്‍ ചവറ്റുകൊട്ടയ്ക്ക് ഉള്ള നിക്ഷേപങ്ങള്‍ ആണ്" ദീപ ഒരിക്കല്‍ പറഞ്ഞു.
അവള്‍ എന്നും അങ്ങനെയായിരുന്നു തന്റെ കഥകളുടെ യഥാര്‍ഥ വിമര്‍ശക.

“എന്റെ കഥയും നിന്റെ പ്രണയവും രണ്ടും രാജേട്ടന്റെ ചായ പോലെയാണ് താന്‍ തിരിച്ചടിച്ചു”.
പിണക്കം നടിച്ചുപോകുന്ന അവളെ നോക്കി അയാള്‍ മനസ്സില്‍ പറയുമായിരുന്നു നിന്റെ പ്രണയവും, എന്റെ കഥകളും, രാജേട്ടന്റെ ചായയും എനിക്കെത്ര പ്രിയപ്പെട്ടതാണെന്നു നീ അറിയുന്നുണ്ടോ?
ഓഫീസ് ഫയലുകള്‍ക്കിടയില്‍ എന്നും തന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തുന്നത് ഇതേ തുമ്മല്‍ ആണെന്നുള്ള തിരിച്ചറിവോടെ അയാള്‍ ഔദ്യോഗിക കാര്യങ്ങളിലേക്ക് കടന്നു.
“ആ ഓവര്‍ബ്രിഡ്ജിന്റെ അപ്പ്രൂവല്‍ എന്തായി?” മാനേജര്‍ മാഡത്തിന്റെ ചോദ്യം. കുറേ ദിവസമായി അവര്‍ ആ ഓവര്‍ബ്രിഡ്ജിന്റെ പുറകെയാണ് അയാള്‍ ഓര്‍ത്തു.
അവരെ തൃപ്തിപ്പെടുത്താന്‍ തക്ക മറുപടികള്‍ കൊടുത്തിട്ടയാള്‍ തന്റെ ചിന്തകളിലേക്ക് മടങ്ങി
എന്നും താന്‍ മനസ്സില്‍ പറയുമായിരുന്നു ഈ ഓഫീസ് തനിക്കൊരു ഇടത്താവളം മാത്രമാണ്, തന്റെ മാസ്റ്റര്‍ പീസ് താന്‍ എഴുതുന്നത്‌ വരെ മാത്രം ഉള്ള ഒരു ഇടത്താവളം. ജീവിക്കാന്‍ ഗതിയില്ലാതെ വന്നപ്പോഴായിരുന്നില്ല  താന്‍ ഈ ഓഫീസിലേക്ക് കാലെടുത്തു വച്ചത് അയാള്‍ ഓര്‍ത്തു.
നല്ല സൃഷ്ടികള്‍ എഴുതാന്‍ എന്നും ഇടവേളകള്‍ വേണം എന്ന് അയാള്‍ മനസ്സിലാക്കിയിരുന്നു, ആ തിരിച്ചറിവാണ് അയാളെ ആ ഓഫീസിന്റെ വരാന്തയിലെത്തിച്ചത്.
“ഇന്നും അവര്‍ എന്നെ ചീത്ത പറഞ്ഞു” രാജേട്ടനെ തന്റെ പരാതികെട്ട് അഴിച്ചപ്പോള്‍ അയാള്‍ ചിന്തകളില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചു വന്നു.
ചായയാണോ കാരണം ? അയാള്‍ ചോദിച്ചു.
“അതെ എന്നും അത് തന്നെ ആണല്ലോ കാരണം"

ഈ മനുഷ്യന്റെ ചായ താന്‍ മാത്രം ആണ് ഇഷ്ടപ്പെടുന്നത് എന്ന് അയാള്‍ മനസ്സില്‍ ഓര്‍ത്തു, ആദ്യമൊക്കെ തനിക്കും തീരെ ഇഷ്ടമല്ലായിരുന്നു പിന്നീട് എപ്പോഴോ മനസ് പാകപ്പെട്ടു പോയി. ഇപ്പോള്‍ ഈ ചായ കുടിക്കാതെ തനിക്ക് ഒരു ദിവസം  തുടങ്ങാന്‍ കഴിയില്ല. മാഡത്തിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഭൂമിയില്‍ ഭൂരിഭാഗം പേരും തന്നെ പോലെ മാനസിക പ്രശ്നം  ഉള്ളവരല്ല, അവരെല്ലാം വെത്യസ്തത ഇഷ്ടപ്പെടുന്നു.
“ചേട്ടന് വായ തുറന്നു എതിര്‍ത്തു കൂടാരുന്നോ?
 
"മോനെ വീട്ടില്‍ മൂന്നു കുട്ടികളും വയ്യാത്ത അവരുടെ തള്ളയും ഉണ്ട്" രാജേട്ടന്‍ മറുപടി പറഞ്ഞു.
അതെ, പ്രാരാബ്ധങ്ങള്‍ ആണ് ഈ നാട്ടില്‍  മനുഷ്യന്റെ ക്ഷമ യുടെ തോത് നിര്‍ണയിക്കുന്നത്.
“സര്‍ ആ ഓവര്‍ ബ്രിഡ്ജ് കേസ് വീണ്ടും വന്നിട്ടുണ്ട് സാറിനെ കാണണം എന്ന് പറഞ്ഞു നില്‍ക്കുന്നു" താമസിച്ചു പോയതിന്റെ തിടുക്കത്തില്‍ ഉള്ളിലേക്ക് കയറി വന്ന റഷീദ്‌ ആണ് അത് പറഞ്ഞത്.
ഓവര്‍ ബ്രിഡ്ജ് കേസ് ആള്‍ക്കാര്‍ക്ക്‌ എല്ലാം ഒരു തമാശ  ആണ്, ഓവര്‍ ബ്രിഡ്ജ് വന്നാല്‍ നഷ്ടപ്പെടുന്നത് അവര്‍ക്ക് അവരുടെ കിടപ്പാടം ആണ്.പക്ഷെ ഓവര്‍ ബ്രിഡ്ജ് കാലത്തിന്റെ ആവശ്യവും. അവര്‍ ഒരാള്‍ മാത്രം, ബാക്കി എല്ലാവരും കിട്ടുന്ന കാശും വാങ്ങി പോകാന്‍ നില്‍ക്കുന്നു. അവരെല്ലാം ശരിക്കും പറഞ്ഞാല്‍ സന്തോഷത്തില്‍ ആണ്, ഒരു തുണ്ട് ഭൂമി  പോലും അവരുടെ സ്വന്തമല്ല എന്നിട്ടും ശല്യം ഒഴിവാക്കാന്‍ പണം കൊടുക്കാന്‍ തയ്യാറായി നില്‍കുന്ന മേലധികാരികള്‍.
അവരുടെ പ്രശനം വൈകാരിക തലത്തിലാണ് അത് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയില്ല, എന്തിനാണ് അവര്‍ തന്നെ ഇടയ്ക്കിടെ വന്നു കാണുന്നത് എന്ന് അയാള്‍ പലവട്ടം ഓര്‍ത്തിട്ടുണ്ട്. തന്റെ വൈകാരിക തലം ദുര്‍ബലം ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ടാവണം. 

ദീപ ഇടയ്ക്കിടെ പറയും "നിങ്ങള്‍ കഥാകൃത്തുക്കള്‍ സത്യത്തില്‍ ബുദ്ധി ജീവികള്‍ ഒന്നുമല്ല വെറും വികാര ജീവികളാണ്"
അനുഭവങ്ങളിലൂടെ  അന്യരുടെ കഥ എഴുതി വിറ്റു ജീവിക്കുന്ന തനിക്ക് അവരോടു കുറച്ചും കൂടി ഉത്തരവാദിത്വം വേണ്ടതാണ് അയാള്‍ ഓര്‍ത്തു. ഈ സ്ത്രീ അത് പോലെ ഒരു കഥാ പാത്രം ആണ് ഒരു പാട് കഥകള്‍ ഉള്ള സ്ത്രീ.
നല്ല മഴയുള്ള ഒരു ദിവസം രാവിലെ അവര്‍ പാതി നനഞ്ഞ നാലഞ്ചു നോട്ടുകളുമായി തന്നെ  കാണാന്‍ വന്നത് ഇപ്പോഴും  ഓര്‍ക്കുന്നു. വിലക്കെടുക്കാന്‍ വന്ന ആ സ്ത്രീയോട് ആദ്യം തോന്നിയ ദേഷ്യം പിന്നീട് എപ്പോഴോ കൊഴിഞ്ഞു വീണു. സ്നേഹം മാത്രം കൈമുതലായുള്ള  ആ സ്ത്രീയോട് പിന്നീട് എപ്പോഴൊക്കെയോ ആദരവും തോന്നി തുടങ്ങി. അവര്‍ക്കും ഉണ്ടാകും ഒരു കഥ തന്നോട് പറയാന്‍ എന്ന് എപ്പോഴും തോന്നിയിട്ടുണ്ട് ഒരിക്കലും ചോദിച്ചില്ല. 

അവരുമായുള്ള കൂടിക്കാഴ്ച്ചകള്‍ പലപ്പോഴും വെറും മൌനത്തിന്റെയും കണ്ണുനീരിന്റെയും നിമിഷങ്ങള്‍ മാത്രം ആയിരുന്നു.
“എനിക്കറിയാമായിരുന്നു നിനക്കൊന്നും ചെയ്യാന്‍ കഴിയില്ല എന്ന് എന്നിട്ടും ഞാന്‍ എന്തിനു നിന്നെ ഇങ്ങനെ ശല്യം ചെയ്തു എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല നിന്നോടൊപ്പം ചിലവിട്ട നിമിഷങ്ങള്‍ ഞാന്‍ ഇഷ്ടപ്പെട്ടിരിക്കാം"അവര്‍ പറഞ്ഞു തുടങ്ങി.
അവരെ യാത്രയാക്കി  തിരിച്ചു സീറ്റില്‍ എത്തുമ്പോഴേക്കും സമയം കുറേ കഴിഞ്ഞിരുന്നു. മാനേജരിന്റെ തുറിച്ച കണ്ണുകള്‍ക് മറുപടിയായി ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അയാള്‍ ഫയലുകള്‍ക്കിടയിലേക്കു  തല പൂഴ്ത്തി
ഇന്നെന്തേ  ആ സ്ത്രീ എന്നോടിത്ര സംസാരിച്ചു അവരുടെ കഥ ഞാന്‍ ചോദിക്കാതെ തന്നെ അവര്‍ പറഞ്ഞു? അയാള്‍ ഓര്‍ത്തു. ഒരു പാട് കഥകള്‍ താന്‍ കേട്ടിട്ടുണ്ട് ഇത്രത്തോളം നൊമ്പരത്തെ കേട്ട കഥകള്‍ കുറവാണു, തലയിലൂടെ മിന്നല്‍പ്പിണര്‍ പാഞ്ഞ പോലെ അയാള്‍ക് തോന്നി മനോഹരമായ ഒരു കഥ മനസ്സില്‍ ഉടലെടുക്കാന്‍ തുടങ്ങി. അതെ ഇതാണ് എന്റെ മാസ്റ്റര്‍ പീസ് അയാള്‍ മനസ്സില്‍ ഓര്‍ത്തു. ഒരു പ്രത്യേക തരം അനുഭൂതി  അയാളില്‍ വന്നു ചേര്‍ന്നു.
ഒരു കഥാകാരന് കഥ പിറവി എടുക്കുമ്പോള്‍ അറിയാം അവന്റെ കഥ എത്രമാത്രം സ്വീകരിക്കപ്പെടുമെന്ന് അതാണ് ഒരു സര്‍ഗസംബന്നനായ കഥാകൃത്തിന്റെ കഴിവ് അയാള്‍ ആത്മഗതം പോലെ പറഞ്ഞു.
നിമിഷങ്ങള്‍ യുഗങ്ങളായി അയാള്‍ ആകെ ഒരു ഉന്മാദ അവസ്ഥയില്‍ എത്തിയിരുന്നു, തന്റെ ഇടത്താവളം ഇനി വേണ്ടി വരില്ല എന്നോര്‍ത്തപ്പോള്‍ അയാള്‍ക് ഒരു പ്രത്യേകതരം സഹതാപം ആ ഓഫീസിനോടും അതിലെ സഹജീവനക്കാരോടും തോന്നി. ആത്മാര്‍ഥമായി പണി എടുത്ത ആദ്യ ദിവസം അവസാനിക്കുംപോളേക്കും അയാള്‍ ഒരു കാറ്റുപോലെ ആണ് സ്വന്തം കാറിലേക്ക് കയറിയത്.
തന്റെ പല കഥകളും ഇതിനകം അവാര്‍ഡുകള്‍ വാങ്ങി കൂട്ടിയിട്ടുണ്ട് അയാള്‍ ഓര്‍ത്തു, ആധുനിക കഥാകൃത്തുക്കളിലെ  നവമുകുളം എന്ന് തന്റെ കഥകള്‍ വായിച്ചു നിരൂപകര്‍ എഴുതി വിട്ടു. എന്നിട്ടും തനിക്ക് വായനക്കാരെ വല്ലാതെ സ്വാധീനിക്കുന്ന ഒരു കഥാതന്തു ഇന്നു വരെ കിട്ടിയിട്ടില്ല എന്നുള്ളതാണ് സത്യം. വായനക്കാര്‍ പലതു തന്റെ പേര് കേട്ടാല്‍ അറിയും കഥ വായിക്കാതെ തന്നെ. പക്ഷേ അതൊരു കഥാകൃത്തിന്റെ വിജയം ആണോ? അയാള്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഇന്നിതാദ്യമായി  അയാള്‍ ഒരു പാട് കൊതിച്ചിരുന്ന ഒരു ത്രെഡ് ഒരു കഥാതന്തു കൈ വന്നു ചേര്‍ന്നിരിക്കുന്നു.
അയാളുടെ മനസിന്റെ വേഗം കാറിനെയും വേഗതയില്‍ കുതിപ്പിച്ചു കൊണ്ടിരുന്നു, വീടിന്റെ തൊട്ടടുത്ത്‌ കാര്‍ നിന്ന് പോയപ്പോഴും  അയാള്‍  ഇറങ്ങി ഓടുകയായിരുന്നു. തുറന്നു കിടന്ന വാതിലിലൂടെ അയാള്‍ തന്റെ മുറിയിലേക്ക് ഓടി കിതച്ചെത്തി, തൊട്ടടുത്ത മുറിയില്‍ കുളി മുറിയില്‍ നിന്നും അവള്‍ കുളിക്കുന്ന ശബ്ദം അയാള്‍ക്ക് കേള്‍ക്കാമായിരുന്നു അവളെ താന്‍ എത്തിയ വിവരം അറിയിക്കാന്‍ പോലും മിനക്കെടാതെ അയാളുടെ കണ്ണുകള്‍ പേപ്പറും പേനയും പരതി കൊണ്ടിരുന്നു.
എത്ര ശ്രമിച്ചിട്ടും എടുക്കുവാന്‍ കഴിയാതെ കയ്യില്‍ നിന്നും വഴുതി പൊയ്കൊണ്ടിരിക്കുന്ന പേപ്പറും പേനയും അല്ഭുതത്തോടെ അയാള്‍ നോക്കി നില്‍ക്കെ, വഴിയില്‍ അപകടത്തില്‍ പെട്ട കാര്‍യാത്രക്കാരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ........