“ ഞാനിന്നൊരു കഥ സ്വപ്നം കണ്ടു “ കറിക്കരിഞ്ഞു കൊണ്ടിരുന്ന കത്തിയുമായി അവള്‍ പുഞ്ചിരി തൂവുന്ന മുഖവുമായി വന്നു നിന്നു.
ദൈവമേ ഇന്നിവള്‍ എന്തിനുള്ള പുറപ്പാടാണു ഞാന്‍ ഓര്‍ത്തു, സാധാരണ വഴക്കിടുമ്പോള്‍ ആണ് ഇവളെ ഞാന്‍ മുന്‍പ് കറി കത്തിയുമായി കണ്ടിട്ടുള്ളത്. കടുത്ത വാഗ്വാദങ്ങള്‍ക്കിടയിലും എന്റെ കണ്ണ് മുകളിലേക്കും താഴേക്കും ഉയരുന്ന കത്തിയുടെ പുറകെ പോകാറുണ്ട്.
കഥ സ്വപ്നം കാണുകയോ? നീ പോയി അടുക്കളയിലെ പണി നോക്ക് മുഖത്തു നോക്കാതെയാണു ഞാന്‍ അതു പറഞ്ഞത്. അല്ലെങ്കിലും എനിക്കു മുഖത്ത് നോക്കേണ്ട ആവശ്യം ഇല്ല കത്തിച്ചു വച്ച ഒരു പൂത്തിരി കെട്ടു പോകുന്നതു പോലെ ആ കണ്ണുകള്‍ കൂമ്പുന്നതു ഞാന്‍ ഒരുപാടു തവണ കണ്ടിട്ടുണ്ട്.
“ സത്യമാണു ഇന്നലെ രാത്രി ഞാന്‍ ഒരു കഥ സ്വപ്നം കണ്ടു “ കറി കത്തി മേശപ്പുറത്ത് വെച്ചതിനു ശേഷം കസേര വലിയ ശബ്ദത്തില്‍ നിരക്കി വലിച്ചു എന്റെ അടുത്തിട്ടു അവള്‍ ഇരുന്നു.
രക്ഷയില്ല എന്റെ ഇന്നത്തെ എഴുത്തു കുളമായി ഞാന്‍ മനസ്സില്‍ പറഞ്ഞു, രണ്ടു വഴിയുണ്ട് ഒന്ന് എഴുത്ത് തുടരാന്‍ അവളെ ഒഴിവാക്കാം അല്ലെങ്കില്‍ എഴുത്തു ഒഴിവാക്കാം. ആദ്യത്തേത്തിന്റെ പ്രത്യാഘാതം, വേണ്ട എഴുത്തു തല്ക്കാലം അവിടെ നില്‍ക്കട്ടെ.
ശരി നീ ഒരു കഥ സ്വപ്നം കണ്ടു എന്താണതില്‍ ഇത്ര പ്രത്യേകത?
അതോ ഈ സ്വപ്നം ഒരു പ്രത്യേകതരം സ്വപ്നം ആണ്, ഇതിലെ കഥാപാത്രങ്ങളെ ഒന്നും ഞാന്‍ ഇതു വരെ കണ്ടിട്ടേ ഇല്ല,
ഫ്രോയിഡിനെ ആണു അവള്‍ ചോദ്യം ചെയ്യുന്നത്, അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുടെ പ്രതിഫലനം ആണു സ്വപ്നങ്ങള്‍ എന്നതാണു അദ്ദേഹത്തിന്റെ പക്ഷം. ഇതിവിടെ ഒരു ബന്ധവുമില്ലാത്ത ആരുടെയോ കഥ സ്വപ്നം കണ്ടു എന്നാണു ഇവള്‍ അവകാശപ്പെടുന്നത്.
നിങ്ങള്‍ എന്താണു ആലോചിക്കുന്നത് ഈ സ്വപ്നത്തില്‍ എനിക്കു പരിചയം ഉള്ള ഒരാളു പോലും ഇല്ല അതാണു ഞാന്‍ ഒരു കഥ സ്വപ്നം കണ്ടെന്നു പറഞ്ഞത്. ഇതു എനിക്ക് ഒരു കഥയായി എഴുതണം
" ശരി വളരെ നല്ല കാര്യം നീ എഴുതി തുടങ്ങിക്കോളു, ഉച്ച സമയങ്ങളിലെ ഉറക്കം ഒന്നു ഒഴിവാക്കിയാല്‍ പോരെ? " ഞാന്‍ ചോദിച്ചു.
അതിനാണെങ്കില്‍ നിങ്ങളോടിത്ര താല്പര്യത്തെ പറയേണ്ട കാര്യം ഉണ്ടോ? അങ്ങ് എഴുതി തുടങ്ങിയാല്‍ പോരെ?
അതു ശരി അപ്പോള്‍ ഉദ്ദേശം വേറെ എന്തോ ഒന്നാണു അല്ലെങ്കിലും എന്റെ ഉപദേശത്തിനു മാത്രമായി ഇവള്‍ മുന്നില്‍ വന്നിരിക്കില്ല.
എനിക്ക് എഴുത്തിന്റെ ഭാഷ വശമില്ല നിങ്ങള്‍ക്ക് ആകുമ്പോള്‍ അതു നല്ലതു പോലെ ഉണ്ട് എന്റെ കഥ നിങ്ങള്‍ എനിക്ക് എഴുതി തരണം.
കിട്ടി പണി കിട്ടി, ശരിക്കും കുടുങ്ങി ഇരിക്കുന്നു, ആ എഡിറ്റര്‍ ഇന്നും വിളിച്ചതേ ഉള്ളു പുതിയ ലേഖനം എഴുതി കൊടുത്തിട്ടില്ല അതിനിടയില്‍ ആണു ഇത്, ഇവളെന്റെ സ്ഥിര വരുമാനം ഇല്ലാതാക്കും.
ഞാന്‍ ആലോചിച്ചു നോക്കി എന്താണിനി സംഭവിക്കാന്‍ പോകുന്നതു ഞാന്‍ പറ്റില്ല എന്നു പറയുന്നു അവള്‍ പിണങ്ങി പോകുന്നു, ഉച്ച ഭക്ഷണം തീര്‍ച്ചയായും മുടങ്ങും, ഒരു പകലിനെ മുഴുവന്‍ ഉന്തിയും തള്ളിയും നീക്കാന്‍ പ്രേരണ നല്‍കുന്ന രാത്രിയിലെ ആനന്ദം അടക്കി പിടിച്ച കരച്ചിലിനും തര്‍ക്കങ്ങള്‍ക്കും വഴി മാറും. അതിനേക്കാള്‍ ഒക്കെ ഉപരി കുറഞ്ഞത് മൂന്നു നാലു ദിവസത്തേക്കു എങ്കിലും എഴുത്ത് മുടങ്ങും. അത് വളരെ ആത്മഹത്യാപരം ആയി പോകും.
നീ കഥ പറയൂ കേട്ടിട്ടു പറയാം എഴുതാന്‍ മാത്രം ഉണ്ടോ എന്നൊക്കെ അല്‍പ്പം പുച്ഛം കലര്‍ത്തി ഞാന്‍ പറഞ്ഞു.
ഈ കഥ ഒരു കൊലപാതകിയുടെ കൊല നടത്തുന്നതിനു തൊട്ടു മുന്‍പുള്ള ആത്മ സംഘര്‍ഷത്തെ കുറിച്ചാണ്.
അവള്‍ കഥ പറഞ്ഞു തുടങ്ങി വിഷയം വളരെ സാധാരണവും നിലവാരം ഇല്ലാത്തതും ആയിട്ടും ഞാന്‍ എഴുതാന്‍ തുടങ്ങി, വെട്ടി തിരുത്തലുകളും മാര്‍ഗ ദര്‍ശങ്ങളും ഒക്കെ ആയി അവളും നിറഞ്ഞു നിന്നു കഥ എഴുതി തീരുന്നതു വരെ. വായനക്കാരനെ പിടിച്ചിരുത്താനും കോരിത്തരിപ്പിക്കാനും ഉതകുന്ന വാക്കുകളിലൂടെ അവളുടെ ആശയം ഞാന്‍ അത്യാവശ്യം വായനക്കാരനിലേക്ക് കയറി ചെല്ലാന്‍ കഴിയുന്ന വിധം ആക്കിയെടുത്തു.
അവളുടെ ആശയത്തിനു എന്റെ ഭാഷ കടം കൊടുക്കുമ്പോഴും മാര്‍ഗ നിര്‍ദേശങ്ങള്‍ സ്വീകരിക്കുമ്പോഴും എനിക്കു വന്ന ദേഷ്യം ഞാന്‍ കടിച്ചമര്‍ത്തി കൊണ്ടിരുന്നു. ഒരു തരം അവജ്ഞ സ്വയം തോന്നിയതിനാല്‍ ആവണം കഥയുമായി സന്തോഷത്തെ മുറിയിലേക്ക് പോകുകയായിരുന്ന അവളോടു ഞാന്‍ പറഞ്ഞു
“ ആദ്യമായാണ് ഞാന്‍ മറ്റൊരാള്‍ക്ക് വേണ്ടി കഥ എഴുതി കൊടുക്കുന്നതു, നിന്റെ സ്ഥാനത്ത് മറ്റൊരാള്‍ ആയിരുന്നെങ്കിലു ഞാന്‍ മുഖത്തു ഒരാട്ടു വെച്ചു കൊടുത്തേനെ, ഇത് പിന്നെ നിന്നോടുള്ള സ്നേഹം കൊണ്ട് മാത്രം ......
“ ഓ പിന്നെ നിങ്ങള്‍ ഇതു തന്നെ അല്ലേ കുറെ കാലമായി ചെയ്യുന്നത്? ഓരോ വിഷയം ആ എഡിറ്റര്‍ വിളിച്ചു പറയുന്നതനുസരിച്ച് ലേഖനം എഴുതുന്നതോ? സത്യത്തില്‍ ഇതിനു നിങ്ങള്‍ക്ക് അല്‍പ്പം ആശ്വസിക്കാം ഇതു പണത്തിനു വേണ്ടി അല്ലല്ലോ “ പറഞ്ഞു വന്നത് മുഴുമിപ്പിക്കുന്നതിനു മുന്‍പു ഇടിവെട്ടു പോലെ ആയിരുന്നു അവളുടെ മറുപടി വന്നത് ”
മുന്നിലെ പേപ്പറില്‍ ഞാന്‍ മുന്‍പ് എഴുതി വെച്ച വാക്കുകള്‍ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നതായി എനിക്ക് തോന്നി, കയ്യിലെ പേന എന്തെന്നില്ലാതെ വിറക്കാന്‍ തുടങ്ങി, ചില തിരിച്ചറിവുകള്‍ അങ്ങനെ ആണു നാം നിസ്സാരരെന്നു കരുതുന്നവര്‍ അപ്രതീക്ഷിതമായി നമുക്കതു പകര്‍ന്നു തരുന്നു. എഴുതി കൂട്ടിയ പേപ്പറുകള്‍ ചുരുട്ടി കൂട്ടി ചവറ്റു കുട്ടയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് ഞാന്‍ കണ്ണടച്ചു പിന്നിലേക്ക് ചാരി കിടന്നു.......