Pages

Subscribe:

Wednesday 15 February 2012

വംശനാശം



വംശനാശം എന്നാല്‍  ഒരു ജീവജാലത്തിന്റെ ഏറ്റവും അവസാനത്തെ ജീവിയുടെ മരണത്തെ കുറിക്കുന്നു, മിക്കപ്പോഴും ഇത് തിരിച്ചാണ് സംഭവിക്കാറും അതായതു വംശനാശം നടന്ന കാലഘട്ടം പലപ്പോഴും തിരിച്ചറിയുന്നത്‌ പിന്നീടുള്ള ഫോസില്‍ പഠനങ്ങളില്‍ കൂടിയോ ഒക്കെ ആണ്. “


“ഇവിടെ നമ്മുടെ മുന്നില്‍ നമ്മുടെ തൊട്ടടുത്ത്‌ ഒരു ജീവിവര്‍ഗം അതിന്റെ അവസാനത്തോട് അടുത്തിരിക്കുന്നു നാം അത് മുന്‍കൂട്ടി കണ്ടിരിക്കുകയും ചെയ്യുന്നു. ഇനി ഉള്ള ചോദ്യം നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതാണ്. ഒരു വംശനാശം തടയേണ്ട ബാധ്യത ഓരോരുത്തരിലും നിക്ഷിപ്തമായിരിക്കുന്നു”


നരേന്ദ്രനാഥ് തന്റെ പ്രസംഗം അവസാനിപ്പിച്ച്‌ കണ്ണട ഒന്ന് കൂടി ഉറപ്പിച്ചു നിര്‍ത്തി മുഖമുയര്‍ത്തി എല്ലാവരെയും ഒന്ന് നോക്കി.



തന്നെ തന്റെ പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണിച്ചതിനു നന്ദി പറഞ്ഞു സ്റ്റേജില്‍ നിന്നും ഇറങ്ങുമ്പോള്‍ ഉയര്‍ന്ന കരഘോഷങ്ങളോടും,വാഗ്ദാനങ്ങളോടും നന്ദിയുടേയും സ്നേഹത്തിന്റെയും ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അയാള്‍ പതുക്കെ തന്റെ കാറിന്റെ അടുത്തേക്ക് നടന്നു.

കാര്‍ ഓടിച്ചു കൊണ്ടിരിക്കെ അയാള്‍ ഓര്‍ത്തു ഈ പ്രബന്ധം താന്‍ ഒരുപാട്  തവണ അവതരിപ്പിച്ചിട്ടുണ്ട്. ഒരു ചെറു പുഞ്ചിരിയോടെ അയാള്‍ ഓര്‍ത്തു എല്ലാ വേദികളിലും തനിക്ക് നിറഞ്ഞ സ്വീകരണം കിട്ടിയിരിക്കുന്നു, പക്ഷെ സിംഹവാലന്‍ കുരങ്ങുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു കൊണ്ടും ഇരിക്കുന്നു. യൂണിവേഴ്സിറ്റിയില്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ നരന്‍ എന്നാണ് അയാള്‍ അറിയപ്പെട്ടത്.


“സിംഹവാലന്‍ കുരങ്ങ് ശാസ്ത്ര നാമം മകാക സിലേനസ് പേരു പോലെ  തന്നെ സിംഹത്തെപ്പോലെ വാലുള്ളവ ആണവ, മുഖം നിറഞ്ഞു നില്‍ക്കുന്ന മഞ്ഞ നിറത്തിലുള്ള രോമങ്ങള്‍ അവയുടെ ഒരു പ്രത്യേകത ആണു. പശ്ചിമഘട്ടത്തിലെ അന്തേവാസികള്‍, വര്‍ദ്ധിച്ചു വന്ന മനുഷ്യ അധിനിവേശങ്ങള്‍ കാരണം അവര്‍ക്ക് അവരുടെ ആവാസ വ്യെവസ്ഥ നഷ്ടമായി. ഇന്റെര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്സര്‍വേഷന്‍  ഓഫ് നേച്ചര്‍ അഥവാ  ഐ യു സി എന്നിന്റെ കണക്ക് പ്രകാരം ഏകദ്ദേശം മൂവായിരം മുതല്‍ മൂവായിരത്തിയഞ്ഞൂറ് വരെ മാത്രമാണ് അവയുടെ അംഗ സംഖ്യ. കേരളം , കര്‍ണാടക , തമിഴ്നാട് എന്നീ മൂന്നു സംസ്ഥാനങ്ങളില്‍ മാത്രം കണ്ടു വരുന്ന ഇവ വംശനാശത്തിന്റെ വക്കോളം എത്തി നില്‍ക്കുന്നു. സൈലന്‍റ്റ്വാലി   കാടുകളില്‍ ആണ് ഇപ്പോള്‍ നിലനില്‍ക്കുന്ന ഭൂരിഭാഗം സിംഹവാലന്‍ കുരങ്ങുകളും ഉള്ളത് ” അയാള്‍ പറഞ്ഞു നിര്‍ത്തി.


               മുന്നില്‍ വളരെ താല്പര്യത്തെ കേട്ട് കൊണ്ടിരിക്കുന്ന കുറച്ചു വിദ്യാര്‍ഥികള്‍ മുതല്‍ ഒട്ടും താല്പര്യം ഇല്ല എന്ന് തെളിച്ചു പറയുന്ന മുഖങ്ങള്‍ വരെ അയാള്‍ കൗതുകത്തെ ശ്രദ്ധിച്ചു. സ്ഥിരം വിഷയങ്ങളില്‍ മടുപ്പു തോന്നുന്ന ചില ദിവസങ്ങളില്‍ താന്‍ വിദ്യാര്‍ഥികള്‍ക്കിടയിലൂടെ നടന്നു  അവരോടു ഇത്തരത്തില്‍ സംവേദിക്കാറുണ്ട്.


ഇന്റര്‍വെല്ലിന്റെ ബെല്ല് മുഴങ്ങിയതും എല്ലാവരും പുറത്തേക്കു ധൃതിയില്‍ ഇറങ്ങിപ്പോയി, പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും പേന പുറത്തെടുത്തു താന്‍ പോക്കെറ്റില്‍ കുത്തിയപ്പോഴാണെന്നു തോന്നുന്നു പിന്നില്‍ നിന്നും ഒരു വിളികേട്ടു “ സര്‍ “

തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു പെണ്‍കുട്ടി അറിയാം തനിക്കവളെ, മുന്‍പു പല തവണ ക്ലാസില്‍ സ്വപ്നം കണ്ടിരിക്കുന്നത് കണ്ടിട്ടുണ്ട്. അപ്പോഴൊന്നും താന്‍ അവളെ ശല്യം ചെയ്യാന്‍ പോയിട്ടില്ല. അവളെയെന്നല്ല  ആരെയും തന്നെ അവരുടെ ലോകത്ത് നിന്നും പുറത്തു കൊണ്ട് വന്നു ജീവ്ശാസ്ത്രത്തിന്റെ ലോകത്ത്‌ എത്തിക്കാന്‍  ശ്രമിക്കാറില്ല. ബിരുദ ക്ലാസുകളില്‍ അത്തരം ഇടപെടലുകളില്‍ കാര്യം ഇല്ലെന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ടാണത്.


സിംഹവാലന്‍ കുരങ്ങുകളെ കുറിച്ചായിരുന്നു അവള്‍ക്കു ചോദിയ്ക്കാന്‍ ഉണ്ടായിരുന്നത്, ആദ്യമായല്ല ഏതെന്കിലും ഒരു വിദ്യാര്‍ഥി തന്നോട് തന്റെ പ്രബന്ധത്തെ കുറിച്ച് ചോദിക്കുന്നതും താല്പര്യം പ്രകടിപ്പിക്കുന്നതും. പക്ഷെ മുന്‍പൊരിക്കലും അത്തരം ഒരു ചോദ്യം അവള്‍ ചോദിച്ചിട്ടില്ലെന്നത് വല്ലാത്ത ഒരു കൗതുകം തന്നെ ആയിരുന്നു. ആ  കൗതുകം  അവളെ പിന്നീട് പല തവണ  ശ്രദ്ധിക്കുന്നതിനും കാരണമായി എന്നു വേണം പറയാന്‍.

നിമിഷ അതായിരുന്നു അവളുടെ പേര്,വെള്ളാരം കല്ലുകള്‍ പോലെ കണ്ണുകള്‍ ഉണ്ടായിരുന്നു അവള്‍ക്കു , എപ്പോഴും ചിരിക്കുന്ന മുഖം, മുഖത്തെപ്പോഴും ഒരു നിഷ്കളങ്കത ദൃശ്യമായിരുന്നു. പിന്നീട് പല തവണ താന്‍ അവളുമായി സംസാരിച്ചു വല്ലാത്ത ഒരു തരം ഗുരു ശിഷ്യ ബന്ധം തനിക്ക് എപ്പോഴോ തോന്നി തുടങ്ങിയിരുന്നു.

പിന്നീടൊരു ദിവസം അവളുടെ മുഖത്തെ ആ ചിരി അപ്രത്യക്ഷമായി പതിവു പോലെ അവള്‍ മറ്റേതോ ലോകത്തേക്ക് തിരിച്ചു പോകുന്നതും കണ്ടു. പല തവണ ചോദിക്കണം എന്ന് തോന്നി പക്ഷെ എന്തു കൊണ്ടോ അത്തരം ഒരു  ശ്രമം നടത്തിയില്ല. അവളുമായി ഉണ്ടായിരുന്ന ആ അടുപ്പം കുറഞ്ഞു വന്നു കൊണ്ടും ഇരുന്നു.


“സര്‍ “ കോളേജ് വിട്ടതിനു ശേഷം വൈകുന്നേരം താന്‍ കാറിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ് പിന്നില്‍ നിന്നും ആ വിളി കേട്ടത് . തിരിഞ്ഞു നോക്കുമ്പോള്‍ ആദ്യം കണ്ടത് ആ വെള്ളാരം കല്ലു പോലെയുള്ള കണ്ണുകള്‍ ആണ്. അതില്‍ ചെറിയ മുത്തുകള്‍ പോലെ കണ്ണുനീര്‍ തളം കെട്ടി നിന്നിരുന്നു.


“എവിടെ നോക്കി ആടോ വണ്ടി ഓടിക്കുന്നത് “ഒരു ലോറിക്കാരന്‍ തല പുറത്തേക്കിട്ടു ആക്രോശിച്ചു.സൈഡ് കൃത്യമായി കൊടുക്കാത്തതിനാണ്. അയാള്‍ ഒന്നു ചിരിക്കുക മാത്രം ആണു ചെയ്തത്. താന്‍ ചിന്തകളുടെ ലോകത്താണെന്നു അയാള്‍ക്ക് അറിയില്ലല്ലോ. സീറ്റ്‌ ബെല്‍റ്റ്‌ ഒന്ന് കൂടി നേരെ ആക്കി കൊണ്ട് അയാള്‍ വീണ്ടും ചിന്തകളുടെ ലോകത്തേക്ക് യാത്രയായി.

“എന്നെ ഒന്ന് സഹായിക്കാമോ ? എനിക്ക് ഒരു കാര്യത്തില്‍ അങ്ങയുടെ ഒരു ഉപദേശം വേണം “ അവള്‍ പറഞ്ഞു

അവള്‍ക്കു പറയാന്‍ ഉണ്ടായിരുന്ന ഏതൊരു മകളും പുറത്തു പറയാന്‍ മടിക്കുന്ന തകരുന്ന കുടുംബബന്ധത്തെ കുറിച്ചായിരുന്നു. അവള്‍ക്കു വേണ്ടി എന്ന അവകാശവാദവുമായി പരസ്പര വിശ്വാസവും സ്നേഹവും നഷ്ടപ്പെട്ടിട്ടും ഒരു കൂരക്കീഴില്‍ കഴിയുന്ന മാതാപിതാക്കള്‍. അവള്‍ അറിയുന്നില്ല എന്നാ വിശ്വാസത്തെ ഉള്ള അവരുടെ വഴി വിട്ട ജീവിതം അങ്ങനെ നൂറായിരം പ്രശ്നങ്ങള്‍.


“ഉപദേശം ഞാന്‍ ആര്‍ക്കും കൊടുക്കാറില്ല എന്റെ അഭിപ്രായം വേണമെങ്കില്‍  പറയാം “ താന്‍ പറഞ്ഞു

ഇത്തരം അവസരങ്ങളില്‍ എങ്ങനെ സ്വാര്‍മായി ചിന്തിക്കാം എന്നാണു  അവളെ പറഞ്ഞു മനസ്സിലാക്കിയത്‌. സ്വന്തം ജീവിതം, വിദ്യാഭ്യാസം, ഭാവി ഇതു മാത്രം ചിന്തിക്കുവാന്‍ ‌ശ്രമിക്കുവാന്‍ മാത്രമേ അവളോട്‌ തനിക്ക് പറയാന്‍ കഴിഞ്ഞുള്ളൂ. ചില സമയങ്ങളില്‍ സ്വാര്‍ത ജീവിതം മുന്നോട്ടു കൊണ്ട് പോകാന്‍ അത്യന്താപേഷിതമാണ്‌.


പിന്നീടങ്ങോട്ട് അവള്‍  തനിക്ക് ആരെല്ലാമോ ആയി മാറുകയായിരുന്നു കുട്ടികള്‍ ഇല്ലാത്ത തനിക്ക് അവള്‍  മകളായി, അവള്‍ക്കും താന്‍ ഒരാശ്വാസം ആയിരുന്നു ഒരച്ഛന്റെ സ്നേഹം അവള്‍ക്കു കിട്ടിയത് തന്നില്‍ നിന്നാണ് എന്ന് അവള്‍  ഇടയ്ക്കിടെ പറയുമായിരുന്നു. ഒരു ദിവസം കണ്ടില്ലെങ്കില്‍ തന്റെ ഉള്ളു നീറുമായിരുന്നു. ശാസിക്കാനും സ്നേഹിക്കാനും എല്ലാം അവള്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം തന്നിരുന്നു .വളരെ കാലങ്ങള്‍ക്കു ശേഷമാണ് തന്റെ സഹപ്രവര്‍ത്തകരും കുട്ടികളും എല്ലാം ആ അടുപ്പം തിരിച്ചറിയുന്നത്‌.



എല്ലാം നശിപ്പിച്ചത് ഏതോ ഒരു നിമിഷത്തിലെ തന്റെ ചപലതയാണു ഒരുപാട് സ്നേഹം തോന്നിയ ഒരു നിമിഷത്തില്‍ ഒഴിഞ്ഞ ക്ലാസ് മുറിയില്‍ വച്ചു  അവളുടെ നെറ്റിയില്‍ കൊടുത്ത ഒരു ചുംബനം. പ്യൂണ്‍ റഷീദ്‌ കാണുകയുണ്ടായി. പിന്നീട് എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു കോളേജ് വരാന്തകളില്‍ മുറു മുറുപ്പുകള്‍ കൂടിക്കൂടി വരുന്നത്  അറിഞ്ഞിരുന്നു കാര്യമാക്കിയില്ല എന്നേ ഉണ്ടായിരുന്നുള്ളൂ.


ഒടുവില്‍ അത് തന്റെ ഭാര്യയുടേയും കാതുകളില്‍ എത്തി. ഈ കഴിഞ്ഞ ദിവസങ്ങളില്‍  അവളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ പെട്ട പാട് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. ഒന്നും അവള്‍ക്കു അറിവില്ലാത്തതായിരുന്നില്ല. തനിക്ക് നിമിഷയോട് ഉള്ള  അടുപ്പം അറിയാമായിരുന്നിട്ടും ചുറ്റിനും പൊന്തി വന്ന മുറു മുറുപ്പുകള്‍ അവളെ ബാധിച്ചു. പക്ഷെ അപ്പോഴും ഈ ഒരു വിഷയത്തില്‍ തന്നെ അല്‍പ്പമെന്കിലും മനസ്സിലാക്കിയത്‌ അവളായിരുന്നു എന്നതു സമ്മതിക്കാതെ തരമില്ല.


വീട്ടിലേക്കുള്ള വളവില്‍ വച്ച് അടുത്തുള്ള കടയിലെ ആളുകളെ അയാള്‍ ഒരു നോക്ക് നോക്കി. ഒരു വല്ലാത്ത ചിരി അവരുടെ മുഖത്ത് തങ്ങി നില്‍ക്കുന്നതായി അയാള്‍ക്ക് തോന്നി. അര്‍ പരസ്പരം എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. അതെല്ലാം അയാളുടെ വ്യെക്തിത്വത്തിനെതിരേയുള്ള കൂരംബുകളാണ് എന്ന് തോന്നിയെങ്കിലും അതെല്ലാം തന്റെ അവസ്ഥയില്‍ നിന്നും ഉടലെക്കുന്ന സംശയങ്ങള്‍ മാത്രമാകും എന്നയാള്‍  സമാധാനിച്ചു .

കാര്‍ പോര്‍ച്ചില്‍ കാറു നിര്‍ത്തി ബാഗുമായി അയാള്‍  വാതില്‍ക്കലെത്തി ബെല്ലടിച്ചു. കതകു തുറന്നു തന്ന ഭാര്യയുടെ മുഖത്ത് വല്ലാത്ത ഒരു മൂകത തളം കെട്ടി നിന്നിരുന്നു. കരഞ്ഞു വീര്‍ത്ത കണ്ണുകള്‍ അയാള്‍  കണ്ടു. തലേ ദിവസത്തെ പ്രശ്ന പരിഹാരത്തിന് ശേഷം പെട്ടെന്ന് എന്തുണ്ടായി എന്നറിയാതെ  സ്തബ്ധനായി നില്‍ക്കെ അവള്‍ പൊട്ടി തെറിച്ചു.

വിഷയം താന്‍ അവളില്‍ നിന്നും മറച്ചുവച്ച ചുംബന കാര്യം ആണ്. എന്തോ അവളോട്‌ അതു മാത്രം പറയാന്‍ കഴിഞ്ഞിരുന്നില്ല അവള്‍ അതറിഞ്ഞിരിക്കുന്നു. ആ ചുംബനത്തിന്റെ അര്‍ഥവും അതിന്റെ തവും പറഞ്ഞു മനസ്സിലാക്കാന്‍ അയാള്‍ വിഫലശ്രമം നടത്തി കൊണ്ടിരിക്കെ അവള്‍ ആത്മഹത്യാ ഭീഷണി മുഴുക്കി കൊണ്ടേ ഇരുന്നു. മുന്നില്‍ ഒരു ഡമോക്ലീസിന്റെ വാളു പോലെ  ആത്മഹത്യാ പ്രവണത തൂങ്ങി നില്‍ക്കുന്നത് കണ്ടു അയാള്‍ക്ക് ഒരു ഉള്‍ക്കിടിലം ഉണ്ടായി.


എന്ത് കൊണ്ട് എന്നോട് നിങ്ങള്‍ സത്യം തുറന്നു പറയുന്നില്ല?, സത്യം തുറന്നു പറയുന്നില്ലെങ്കില്‍ എനിക്കറിയാം എന്തു ചെയ്യണമെന്നു “ അവള്‍ക്കു വല്ലാത്ത ഒരുതരം ഹിസ്ടീരിയ ബാധിച്ചതായി അയാള്‍ക്ക് തോന്നി.

“ഈ ലോകത്ത് ആരെങ്കിലും നിങ്ങളുടെ കഥകള്‍ കേട്ടാല്‍ വിശ്വസിക്കുമോ? എന്നിട്ടും ഞാന്‍ നിങ്ങളെ വിശ്വസിച്ചു അതിപ്പോ പരസ്യ ചുംബനം വരെ എത്തി നില്‍ക്കുമ്പോള്‍ എന്തു ന്യായം ആണു പറയാനുള്ളത്? ”


ആ ചുംബനത്തിന്റെ അര്‍ഥം സ്വയം മാറ്റി പറഞ്ഞും ചെയ്യാത്ത കുറ്റം ഏറ്റു പറഞ്ഞും, മാപ്പിരന്നും ഇനി ഒരിക്കലും ആ പെണ്‍കുട്ടിയുമായി യാതൊരു വിധ ബന്ധവും ഉണ്ടാകില്ല എന്നു വാക്ക് കൊടുത്തും ഒരു ആത്മഹത്യ ഭീഷണി ഒഴിവാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു. സ്വന്തം പിതാവു പോലും മകളെ വില്‍ക്കുന്ന വാര്‍ത്തകള്‍ നിറഞ്ഞു നില്‍ക്കുന്ന ഈ കാലത്ത് സമൂഹത്തിന്റെ കണ്ണില്‍ താന്‍ കുറ്റക്കാരനാണ് അയാള്‍ വേദനയോടെ ഓര്‍ത്തു. തന്നെ പോലെ ചിന്തിക്കുന്ന എത്ര പേര്‍ ഉണ്ടാകും ഈ ലോകത്ത് എന്നയാള്‍  വെറുതെ ആലോചിച്ചു നോക്കി.



കണ്ണിന്റെ ഒരു കോണില്‍ തങ്ങി നിന്ന ഒരു ചെറിയ കണ്ണുനീര്‍ത്തുള്ളി തുടച്ചതിനു ശേഷം അയാള്‍ ഒരു നിര്‍വ്വികാരതയോടെ ചുമരിലെ വലിയ കണ്ണാടിയിലേക്കു നോക്കി. അയാളുടെ മുഖത്ത്  നീളം കൂടിയ മഞ്ഞ നിറമുള്ള  രോമങ്ങള്‍ വളര്‍ന്നു വരുന്നതായി കണ്ടു. കൈ നഖങ്ങള്‍ക്ക് നീളം വെച്ചിരിക്കുന്നു, പിന്‍ഭാഗത്ത്  നീളം കൂടിയ  ഒരു വാലു കൂടി പ്രത്യക്ഷപ്പെടുന്നത് നോക്കി  അയാള്‍  അത്ഭുത സ്തബ്ധനായി നിന്നു...................