Pages

Subscribe:

Saturday 24 December 2011

ആത്മവിലാപം


ഭൂമിയില്‍  മഴ തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു , പക്ഷെ അയാളുടെ മനസ്സിലെ മഴ പെയ്തു തീര്‍ന്നിരുന്നു.


പിന്തിരിഞ്ഞു നടക്കവേ അയാള്‍ ഓര്‍ത്തു ദൈവം വലിയവനാണ് എല്ലാമറിയുന്നവനാണ്. തന്റെ എല്ലാ ചോദ്യങ്ങള്ക്കും അയാള്‍ക്ക്  വ്യക്തമായ മറുപടി ലഭിച്ചിരുന്നു, തന്‍റെ തിരിച്ചറിവിലേക്ക് നയിച്ച കാര്യങ്ങള്‍ അയാള്‍ ഓര്‍ത്തു നോക്കി.


എല്ലാ ദിവസങ്ങളെയും പോലെ ആ ദിവസവും എന്നാണ് എന്ന് ചോദിച്ചാല്‍ അയാള്‍ക്ക് പറയുവാന്‍  കഴിയുമായിരുന്നില്ല. ആദ്യ കാലങ്ങളില്‍ ഒക്കെ  ദിവസങ്ങള്‍ ഓര്‍ത്തു വയ്ക്കുവാന്‍ ശ്രമിച്ചിരുന്നു പിന്നീട് എപ്പോഴോ എണ്ണം തെറ്റി പോയി . പച്ചപ്പോ, ബഹുനില കെട്ടിടങ്ങളോ, പക്ഷി മൃഗാദികളോ ഇല്ലാത്ത ആ ലോകത്ത് ദിവസങ്ങള്‍ക്ക് പ്രസക്തി ഉണ്ടായിരുന്നില്ല, ഒരിക്കല്‍ എണ്ണം തെറ്റിയാല്‍ പിന്നീട് ഒരിക്കലും ഓര്‍ത്തെടുക്കാന്‍ കഴിയാത്തവണ്ണം എല്ലാ ദിവസങ്ങളും ഒരേ പോലെ ആയിരുന്നു.

രാത്രിയും പകലും മാറി മാറി വന്നു കൊണ്ടിരുന്നു, നിലാവുള്ള രാത്രികളില്‍ അയാള്‍ അത്ഭുതത്തോടെ ഓര്‍ത്തു ചന്ദ്രനോ സൂര്യനോ ഇല്ലാത്ത ഈ ലോകത്ത് പകലും രാത്രിയും എങ്ങനെ ഉണ്ടാകുന്നു? ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ കൂട്ടത്തില്‍ അതും കൂടി പെറുക്കി വച്ച്   കാത്തിരുന്നു.



                  വല്ലാത്ത അസ്വസ്ഥത തോന്നുന്ന  ചില ദിവസങ്ങളില്‍  അയാള്‍ ആലോചിക്കും എന്തിനാണ് തന്നെ ദൈവം ഇത്രത്തോളം ശിക്ഷിക്കുന്നത്? തനിക്ക് മുന്‍പും പിന്‍പും മരിച്ചു പോയ ആത്മാക്കള്‍ എവിടെ? ഇത്രയും ഭയാനകമായ ഒരു ഏകാന്തത തന്നു ശിക്ഷിക്കുവാന്‍ മാത്രം തെറ്റുകള്‍ ഞാന്‍ ചെയ്തോ? ചെയ്തെങ്കില്‍ എന്നാണ് അതില്‍ നിന്നൊരു പാപമോചനം?.

ദൈവം എന്ന  വ്യവസ്ഥാപിതമായ സങ്കല്‍പ്പങ്ങള്‍ക്ക് ഒരു തിരിച്ചടിയായിരുന്നു അയാള്‍ അവിടെ കണ്ടെത്തിയ ദൈവം. അരൂപിയായിരുന്നില്ല  പക്ഷെ വ്യക്തമായ ഒരു രൂപം ഉണ്ടായിരുന്നുമില്ല, ശബ്ദം വളരെ വ്യക്തമായിരുന്നു പക്ഷെ അതില്‍ ഒരു യജമാനന്റെ അധികാര സ്വരം ഉണ്ടായിരുന്നില്ല. തന്റെ ചോദ്യ ശരങ്ങള്‍ക്ക്‌ കാത്ത് നില്‍ക്കാതെ വല്ലപ്പോഴും തരുന്ന കൂടിക്കാഴ്ച്ചകളും പെട്ടെന്ന് അവസാനിപ്പിച്ച്‌ അപ്രത്യക്ഷമാകുന്ന ഒരു പ്രതിഭാസം.

ഓരോ ദിവസങ്ങളിലേയും അസ്വസ്ഥമായ ചിന്തകളുടെ ആകെ തുകയായ ഒരായിരം ചോദ്യങ്ങളും കൂട്ടി വച്ച് അയാള്‍   കാത്തിരുന്നു ഒരു മറുപടിക്കായി.


  “തെറ്റുകള്‍ ചെയ്തിട്ടുണ്ട് സമ്മതിക്കുന്നു ശിക്ഷകള്‍ ഏറ്റു വാങ്ങാനും തയ്യാറാണ്. പക്ഷെ ഏതു കുറ്റവാളിക്കും നിയമം അവന്‍ ചെയ്ത തെറ്റ് എന്താണെന്നും ശിക്ഷയുടെ കാലാവധി എത്ര എന്നും  അറിയാന്‍ ഉള്ള  ചെറിയ അവകാശം എങ്കിലും നല്‍കാറുണ്ട്, അത് പോലും നിഷേധിക്കപ്പെടാന്‍ മാത്രം എന്ത് തെറ്റാണു ഞാന്‍ ചെയ്തത്?" ദൈവം എന്ന്  പേരിട്ടു വിളിച്ച ആ പ്രതിഭാസത്തോട് ആ ദിവസം  താന്‍  പൊട്ടിത്തെറിച്ചു.


 അസ്വസ്ഥമായ മനസ്സിന്റെ പൊട്ടിത്തെറി ആയി ഒരുപാട് കാലമായി കൂട്ടി വച്ച നൂറായിരം ചോദ്യങ്ങള്‍ എല്ലാം ഓരോന്നോരോന്നായി ചോദിച്ചു. മറുപടി ഒന്നും ശരിക്കും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല മുന്‍ അനുഭവങ്ങള്‍ അയാളുടെ എല്ലാ പ്രതീക്ഷകളും നശിപ്പിച്ചിരുന്നു. അന്നും പതിവ് പോലെ മറുപടി ഒന്നും  കാര്യമായി കിട്ടിയില്ല എന്നതാണ് സത്യം.


“തെറ്റും ശരിയും വിലയിരുത്തല്‍  ഞാന്‍ നടത്താറില്ല, തെറ്റും ശരിയും ഒക്കെ നിങ്ങളുടെ ലോകത്തു മാത്രമാണ് ഇവിടെ അതിനൊന്നും പ്രസക്തി ഇല്ല, എന്റെ ഒരു മറുപടിയും നിന്നെ തൃപ്തിപ്പെടുത്താന്‍ തക്കതാവില്ല എന്ന തിരിച്ചറിവാണ് എന്നെ മൌനി ആക്കുന്നത്" അതായിരുന്നു  കിട്ടിയ  മറുപടി.


മറുപടി തൃപ്തികരമല്ലായിരുന്നു, എങ്കിലും അയാള്‍ക്ക് ദുഃഖം തോന്നിയില്ല. ആ കിട്ടിയ ചെറു മറുപടി പോലും ഒരു  വിജയമായി തോന്നി, അയാളുടെ വിശ്വാസത്തെ ന്യായികരിക്കുന്ന ഫലങ്ങളായിരുന്നു  പിന്നീട് കാത്തിരുന്നതും. അതിന്റെ അനന്തര ഫലം എന്ന പോലെയാണ്  വീണ്ടും ഭൂമി എന്ന സ്വര്‍ഗ്ഗ സന്ദര്‍ശനം അനുവദിച്ചു കിട്ടിയതും.

               പച്ചപ്പിന്റെയും, വിശുദ്ധിയുടെയും സ്വന്തം ഗ്രാമത്തില്‍  എത്തുമ്പോള്‍ ഇടവപ്പാതി മഴ ആരോടോ ഉള്ള വാശി തീര്‍ക്കാന്‍ എന്ന പോലെ തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. മഴത്തുള്ളികള്‍ അയാളുടെ ശരീരം കീറി മുറിച്ചു താഴെ വീണു ഉടഞ്ഞു കൊണ്ടിരുന്നു, മഴയുടെ കാഴ്ച  പകര്‍ന്ന അനുഭൂതി അനീര്‍വ്വചനീയം ആയിരുന്നു. സംവേദന ശേഷി നഷ്ടമായിട്ടും അയാള്‍ ആ മഴ ഒരു കൊച്ചു കുട്ടിയുടെ ആഹ്ലാദത്തോടെ ആസ്വദിച്ചു. ഒരിക്കല്‍ പോലും മഴ  അത്ര ആസ്വാദ്യകരമായി തോന്നിയിരുന്നില്ല, ആ യാത്ര എന്തിനെന്ന് അറിയില്ലെങ്കിലും  അത് സ്വന്തം ബന്ധുമിത്രാദികളെ ഒരു നോക്ക് കൂടി കാണാന്‍ ഉപയോഗിക്കുവാന്‍ തീരുമാനിച്ചിരുന്നു.


                  തന്നെ കാണുവാനോ അനുഭവിച്ച് അറിയുവാനോ സാധിക്കില്ലെങ്കിലും അവര്‍ക്ക് മുന്നില്‍ അയാള്‍ നിന്നു, അമ്മ എന്ന അത്ഭുത പ്രതിഭാസം അയാളില്‍  ഒരു അതിശയം സൃഷ്ടിച്ചു, അമ്മ എല്ലാം മറന്നിരിക്കുന്നു തന്റെ അനുജന്റെ ജീവിതം മെച്ചപ്പെടുത്താന്‍ അവര്‍ കഷ്ടപ്പെട്ട് കൊണ്ടേ ഇരിക്കുന്നു, അതിനിടയില്‍ തന്നെക്കുറിച്ച് ഓര്‍ക്കുവാന്‍ സമയം കിട്ടുന്നത് പോലും ഇല്ല അവര്‍ക്ക്. അനുജനും അവന്റെ ജീവിതം കരയ്ക്കടുപ്പിക്കാന്‍ ഉള്ള നെട്ടോട്ടമാണ്.


“അല്ലെങ്കിലും ഇവരെല്ലാം വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയ  തന്നേക്കുറിച്ചോര്‍ത്തു ദുഖിച്ചും നരകിച്ചും ജീവിതം നശിപ്പിക്കണം എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥം? “ അയാള്‍ ആത്മഗതം പോലെ പറഞ്ഞു



ഒഴിഞ്ഞ മദ്യ കുപ്പികള്, മുറിയിലാകെ തങ്ങി നില്‍കുന്ന പുക ഇതിനിടയില്‍ തമാശ പറഞ്ഞും തമ്മിലുടക്കിയും കെട്ടിപ്പിടിച്ചും പൊട്ടിച്ചിരിച്ചും കഴിഞ്ഞ ഒരുപിടി കൂട്ടുകാര്, അവര്‍ക്കെല്ലാം  പുതിയ കൂട്ടുകാര്‍ ആയിരിക്കുന്നു. കാലം മായ്ക്കാത്ത മുറിവുണ്ടോ ???


തന്റെ മടിയില്‍ കിടന്നു കൊണ്ട് അവള്‍ ചിരിക്കുന്നത് വര്‍ഷങ്ങള്‍ക്കു ശേഷവും നശിക്കാത്ത ഓര്‍മ്മ ആയിരുന്നു.അവളുടെ ഓര്‍മ്മകള്‍ക്ക് പോലും ഒരു വല്ലാത്ത തണുപ്പായിരുന്നു.


“നിന്റെ ചുണ്ടിന് എന്തൊരു  തണുപ്പാണ്? മഞ്ഞില്‍ തൊട്ടതു പോലെ“ അയാള്‍ അവളോട്‌ പറഞ്ഞു.

"അതെ അത് കൊണ്ടാണല്ലോ എന്നും മഞ്ഞില്‍ ഉമ്മ വച്ച് രസിക്കുന്നതും “ അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു



കത്തി നിന്ന ആ പ്രണയത്തിന്റെ ഒടുവില്‍ ശുഭപര്യവസായിയായാണ്  അവളെ സ്വന്തമാക്കിയത്. ഇന്ന് അവള്‍ സ്വന്തം മകളെ പോലും അമ്മയുടെ അടുത്താക്കിയിട്ടു മറ്റൊരുവന്റെ ഭാര്യയായി ജീവിക്കുന്നു.


“അവളെയും കുറ്റം പറയാന്‍ പറ്റില്ല അവള്‍ ചെറുപ്പം ആയിരുന്നു, ഒരു ദുസ്വപ്നത്തിന്റെ ശാപഭാരവും പേറി നല്ലൊരു ജീവിതം നശിപ്പിക്കുന്നത് വെറുമൊരു ത്യാഗം മാത്രമാണ് അതില്‍ സ്നേഹം എന്ന വികാരം എവിടെ?". 


ഓര്‍മ്മ വയ്ക്കുന്നതിനു മുന്‍പ് മരിച്ചു പോയ അച്ഛനെക്കുറിച്ച് ഓര്‍ക്കണം എന്ന് പറയുന്നത് പോലും തന്റെ മകളോടുള്ള കടുത്ത അനീതി ആണ് അയാള്‍ ഒരു ചെറു ചിരിയോടെ ഓര്‍ത്തു. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ പൂമുഖത്തു  തന്റെയും തനിക്ക് മുന്നേ വേര്‍പിരിഞ്ഞു പോയ അച്ഛന്റെയും ചിത്രങ്ങള്‍ ഭംഗിയായി  തൂക്കി ഇട്ടിട്ടുണ്ടായിരുന്നു. അച്ഛന്റെ മുഖത്ത് ഒരു ചെറുചിരി തളം കെട്ടി നില്‍ക്കുന്നുണ്ടായിരുന്നോ ?


                തിരിച്ചുള്ള വഴി വളരെ ദൂരം ഉള്ളതൊന്നും ആയിരുന്നില്ല എങ്കിലും  അവസാനമായി ഭൂമിയെ ഒന്ന് കൂടി ആസ്വദിച്ച്  നോക്കി കൊണ്ട് വളരെ മെല്ലെ ആയിരുന്നു പൊയ്ക്കൊണ്ടിരുന്നത്. പറയാതെ പറഞ്ഞ ഉത്തരങ്ങള്‍ എല്ലാം ദൈവത്തിന്റെ വരദാനങ്ങളായി അയാള്‍ക്കു തോന്നി. ആത്മാക്കളുടെ സംഗമ സ്ഥലമായി ഒരു നരകം സൃഷ്ടിക്കാന്‍ മാത്രം ദൈവം ഒരു ക്രൂരനല്ല എന്ന തിരിച്ചറിവ്  ഒരുപാട് ഉത്തരങ്ങള്‍ നല്‍കി. ആയിരം മറുപടികളേക്കാള്‍ വലുതാണൊരു തിരിച്ചറിവ് നല്‍കാന്‍ കഴിഞ്ഞാല്‍ എന്ന് അയാള്‍ ഓര്‍ത്തു.



സൂചി കുത്തുന്നത് പോലെ ഉള്ള ഒരു വേദന അയാളുടെ കാലിലൂടെ അരിച്ചു കയറി വഴിയില്‍ നിന്നും  മുള്ള് തറച്ചത് ആവണം കാലില്‍, ഒരു  ഞെട്ടലോടെ സ്വന്തം കാലിലേക്ക് നോക്കി. മുള്ളായിരുന്നില്ല വലിയൊരു കൊതുക്, ശരീരം പോലും  ഇല്ലാത്ത തന്റെ ചോര കുടിച്ചു വീര്‍ത്ത വയറുമായി അത് പറന്നുയര്‍ന്നു പോകുന്നത് നോക്കി അയാള്‍ അത്ഭുതത്തോടെ ഇരുന്നു.


“ഈശ്വരാ മരണാനന്തരം ആത്മാവ് എന്നൊന്ന് ഉണ്ടാവരുതേ ഒരു ശൂന്യത മാത്രം മതി വെറും ശൂന്യത“ അയാള്‍ പിറു പിറുക്കുന്നുണ്ടായിരുന്നു ....

Saturday 5 November 2011

ശിക്ഷ

കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍  തുടച്ചുമാറ്റി കൊണ്ട് അവള്‍ ചുറ്റം നോക്കി,  ഇല്ല ആരും കണ്ടിട്ടില്ല അവള്‍ സ്വയം പറഞ്ഞു  ആരും കാണാന്‍ പാടില്ല തന്റെ ഒരു ചെറിയ തളര്‍ച്ച പോലും  പരാജയമായി കരുതപ്പെടും എന്ന് അവള്‍ മനസ്സിലാക്കി ഇരുന്നു .

"സ്ത്രീ അബലയാണ് അബലയാണ് " കുട്ടിക്കാലം മുതല്‍ കേട്ട് വളര്‍ന്ന വാക്കുകള്‍ അവളുടെ കാതില്‍ മുഴങ്ങി വാശിയോടെ അവള്‍ മനസ്സില്‍ ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു "ഇല്ല താന്‍ ദുര്‍ബല അല്ല" .

                    പ്രതികാരദാഹം അവളില്‍ പതഞ്ഞു പൊങ്ങി കൊണ്ടിരുന്നു ,ഇപ്പോഴും തന്നില്‍ അടങ്ങാത്ത പ്രതികാരദാഹം ഉണ്ടെന്നത് അവളില്‍ ഒരു നടുക്കം സൃഷ്ടിച്ചു . ഇത്രയും വലിയ ശിക്ഷയാകും തന്നെ കാത്തിരിക്കുക എന്ന്  അവള്‍ ഒരിക്കലും കരുതിയിരുന്നില്ല എന്നതാണ് സത്യം .തന്നെ കാത്തിരിക്കുന്ന ശിക്ഷയുടെ കാഠിന്യം അവളെ തെല്ല് ഭയപ്പെടുത്തി എങ്കിലും പ്രതികാരം ചെയ്യാന്‍ കഴിഞ്ഞതില്‍ അവള്‍ അല്പം സന്തോഷിക്കാതെ ഇരുന്നില്ല . ശിക്ഷ കാത്തു  നില്‍ക്കുമ്പോഴും അവളുടെ മനസ്സ് പഴയ ഓര്‍മകളിലേക്ക് അവളെ കൂട്ടിക്കൊണ്ട് പോയി .

                    നഷ്ട പ്രണയം , കൂട്ടുകാര്‍ എല്ലാം അവളുടെ ഓര്‍മകളിലൂടെ മിന്നി തെളിഞ്ഞു കൊട്നിരുന്നു . ഒരു പൂമ്പാറ്റ പോലെ താന്‍ പറന്നു നടന്ന കുട്ടിക്കാലം , പ്രണയം പൂവിടര്ത്തി‍യ കൌമാരം എല്ലാം അവള്‍ ഒരിക്കല്‍ കൂടി ഓര്‍ത്തു . പിന്നിട്ട വഴികളില്‍ പുറം തിരിഞ്ഞു നിന്ന കാമുകന്റെ മുഖം അവളില്‍ പക്ഷെ തെല്ല് പോലും വേദനസൃഷ്ടിച്ചില്ല. ഓപ്പറേഷന്‍ കഴിഞ്ഞു കിടക്കുന്ന ശരീരത്തില്‍ എവിടെയോ എപ്പോഴോ എടുത്ത ഒരു കുത്തിവയ്പ് ഉണ്ടാക്കുന്നവേദന പോലെ അതിനും അപ്പുറം അവളുടെ ജീവിതത്തില്‍ അതിനു പ്രസക്തി ഇല്ലാതെ ആയിരുന്നു .  

"ഇതു  ചെയ്യുന്നതിന് മുന്‍പ് നിനക്ക് എന്നോടൊന്നു അഭിപ്രായം ചോദിക്കാമായിരുന്നില്ലേ മോളെ"

                    ശ്രീ ദേവി ചേച്ചിയുടെ ചോദ്യം അവളുടെ കാതില്‍ മുഴങ്ങി . അവര്‍ അവള്‍ക് വെറും ഒരു ഡോക്ടര്‍ മാത്രം ആയിരുന്നില്ല സ്വന്തം ചേച്ചിയെ പോലെ ആയിരുന്നു . അത് കൊണ്ട് തന്നെ ആണ്  താന്‍ ചെയ്ത കാര്യം അവള്‍ അവരോടു ആദ്യം പറഞ്ഞതും. അവര്‍ എന്നും കൂടെ ഉണ്ടായിരുന്നു എന്നതാണ് സത്യം. കുറച്ചു നിമിഷങ്ങളുടെ സുഖത്തിനു വേണ്ടി തനിക്ക്  തീരാ വേദന തന്ന ആ അപരിചിതനായ  മനുഷ്യന്‍ വിജയീ ഭാവത്തില്‍ തന്റെ മുകളില്‍ നിന്നും എണീറ്റ്‌ പോകുമ്പോള്‍ നഷ്ടപ്പെട്ട ഓര്‍മ പിന്നീട് തിരിച്ചു വരുമ്പോള്‍ ആദ്യം കണ്ട  മുഖം അവരുടേത് ആയിരുന്നു, ഒന്നും സംഭവിച്ചിട്ടില്ല  എന്ന് വെറും വാക്ക് പറഞ്ഞു ആശ്വസിപ്പിക്കാന്‍ ശ്രേമിക്കുന്ന അവരുടെ കണ്ണ് നീരില്‍ നനഞ്ഞ മുഖം.അവരുടെ ആശ്വാസവാക്കുകള്‍ക് തരാന്‍ കഴിയാഞ്ഞത്  തന്റെ കൈകളില്‍ ഇറുക്കി പിടിച്ച അവരുടെ  കൈകളിലൂടെ അവര്‍ തന്നു കൊണ്ടിരുന്നു
എന്നിട്ടും എന്തേ ഈ ഒരു കാര്യം ചെയ്യാന്‍ നേരം അവരോടു പോലും പറയാന്‍ തോന്നാഞ്ഞതു എന്ന് അവള്‍ ഓര്‍ത്തു തടഞ്ഞെ‌‌ന്കിലോ എന്ന് ഭയന്നിട്ടുണ്ടാവണം .

                          പകുതി മരിച്ച  ശരീരവും പൂര്‍ണ മരണം സംഭവിച്ച മനസ്സുമായി കുറെ കാലം താന്‍ ആ ആശുപത്രിയില്‍ കിടന്നു . ശരീരം ജീവന്‍ വീണ്ടെടുത്തപ്പോഴും  മനസ് മാത്രം ഒരു വൈദ്യശാസ്ത്രത്തിനും പിടി കൊടുക്കാതെ കിടന്നു .ആ മനസ്സിനെ തൃപ്തിപ്പെടുത്താന്‍ കൂടി ആണ് താന്‍ അത്തരം ഒരു തീരുമാനം എടുത്തതും , അപ്പോള്‍ ആരോടും അഭിപ്രായം ചോദിയ്ക്കാന്‍ തോന്നിയില്ല .

            തന്റെ ശിക്ഷയുടെ സമയം അടുത്ത് കൊണ്ടിരിക്കുന്നു എന്ന്  ഓര്‍മിപ്പിക്കുന്ന ആ വലിയ ഖടികാരം മുന്നില്‍ ഭ്രാന്തമായ ഒരു ആവേശത്തെ കറങ്ങുന്നുണ്ടായിരുന്നു .ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു, എല്ലാം അവള്‍ക് നിസ്സാരമായി തോന്നി അനിവാര്യമായ ആ ശിക്ഷ അവള്‍ ഏറ്റു വാങ്ങാന്‍ തയ്യാറായി കഴിഞ്ഞിരുന്നു .

"ഇങ്ങനെ ഒരവസ്ഥയില്‍ ഞാന്‍ എന്താണ് പറയുക , നിനക്കിങ്ങനെ ഒക്കെ സംഭവിച്ചതില്‍ ഏറ്റവും അധികം ദുഖിക്കുന്ന ആള്‍ ഞാനാവും എനിക്ക് ഇപ്പോഴും നീ എന്റെ പഴയ ശാലിനി തന്നെ നിനക്കൊന്നും സംഭവിച്ചിട്ടില്ല എന്ന് കരുതാനും എനിക്ക് കഴിയും . പക്ഷെ സമൂഹം , വീട്ടുകാര്‍ ഇവരെ ഒക്കെ ഞാന്‍ എങ്ങനെ നേരിടും ? നിനക്ക് അറിയാവുന്നതല്ലേ  ഞാന്‍ എത്ര കഷ്ടപെട്ടാണ് ഒരിക്കല്‍  അവരെ കൊണ്ട് നമ്മുടെ വിവാഹത്തിനു  സമ്മതിപ്പിച്ചത്  എന്ന് തന്നെ ?"

                    പിന്നീടു അവന്‍ പറഞ്ഞതൊന്നും അവളുടെ മനസ്സില്‍ കയറിയതേ ഇല്ല ഒരു വല്ലാത്ത മൂളല്‍ അവളുടെ  ചെവി മൂടി കളഞ്ഞു . ആ മൂളല്‍ അവള്‍ ആദ്യമായി അനുഭവിച്ചത് ആ ശപിക്കപെട്ട ദിവസത്തില്‍ ആയിരുന്നു , തന്റെ എതിര്‍പ്പു തടയാന്‍ അയാള്‍ ആദ്യം കൈ നീട്ടി അടിച്ച അടി . കവിളില്‍ ആ അടി വീണ നിമിഷം മുതല്‍ അതേ മൂളല്‍ അവസാനം ഓര്മ നഷ്ടപ്പെടുന്നത് വരെ ഉണ്ടായിരുന്നു .

                    തിരസ്കരിക്കാന്‍ വേണ്ടി നൂറു കാരണങ്ങള്‍ നിരത്തിയ ആ സമയത്തോ അതിനു ശേഷമോ അവള്‍ക് അവനോടു ഒരു വെറുപ്പും തോന്നിയില്ല എന്ന് അവള്‍ അത്ഭുതത്തെ ഓര്‍ത്തു . പുച്ഛം തോന്നിയത് അവനോടയിരുന്നില്ല പ്രേമം  എന്നാ വികാരത്തോട് ആയിരുന്നു എല്ലാം സുന്ദരമായ അവസ്ഥയില്‍ ആണെന്ന് തോന്നുമ്പോള്‍ ഉണ്ടാകുന്ന വികാരം അതിനും അപ്പുറം അതിനു ഒരു അസ്തിത്വം ഉണ്ടോ ?

               ചിന്തകളില്‍ നിന്നും യാഥാര്ധ്യത്തിലേക്ക് അവള്‍ തിരിച്ചു വന്നപ്പോള്‍ ആളുടെ മുന്നില്‍ ഒരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞിരുന്നു അവളുടെ മുന്നിലെ വലിയ ഖടികാരം അതിന്റെ ഭ്രാന്തമായ കറക്കം നിര്‍ത്തി ഏതാണ്ട് സംതൃപ്തി അടഞ്ഞ മട്ടില്‍ ശാന്തമായി കറങ്ങാന്‍ തുടങ്ങിയിരുന്നു .

"യുവര്‍ ഓണര്‍ വാദിയെ വിസ്തരിക്കാന്‍ ആദ്യമായി എന്നെ അനുവദിക്കണം എന്ന് ഞാന്‍ അപേക്ഷിക്കുന്നു " പ്രതി ഭാഗം വക്കീലിന്റെ ശബ്ദം അവളുടെ കാതുകളിലേക്ക് തുളച്ചു കയറി

                അത് വരെ അവള്‍ സംഭരിച്ചു വച്ച എല്ലാ ധൈര്യവും തന്നിലേക്ക് പതിയുന്ന കണ്ണുകളുടെ മുന്നില്‍ തകര്‍ന്നു വീഴുന്നത് അവള്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു . ശ്രീ ദേവി ചേച്ചിയോടു പോലും പറയാതെ പരാതി കൊടുക്കാന്‍ താന്‍ പോയ നിമിഷത്തെ മനസ്സറിയാതെ ശപിച്ചു കൊണ്ടവള്‍ മുന്നോട്ടു നടന്നു , തുളഞ്ഞു കയറുന്ന നോട്ടങ്ങളില്‍ ചിലതില്‍ ഇരയെ കാണുമ്പൊള്‍ ഉള്ള വേട്ടക്കാരന്റെ സന്തോഷം അവള്‍ തിരിച്ചറിയുന്നുണ്ടായിരുന്നു . ചിലവ സഹതാപം മുറ്റി നിന്ന കണ്ണുകള്‍ ആയിരുന്നു ,ചിലത് സങ്കടം മാത്രം ഉള്ള കണ്ണുകള്‍ അതില്‍ നാലു കണ്ണുകള്‍ താന്‍ ജനിച്ച അന്ന് മുതല്‍ തനിക്ക് വേണ്ടി ഉറക്കം കളഞ്ഞ കണ്ണുകള്‍ ആയിരുന്നു. 

 കോടതിയില്‍ എല്ലാവരുടെയും മുന്നില്‍ വിസ്താരക്കൂട്ടിലേക്ക് അവള്‍ നടക്കുമ്പോള്‍ അവളുടെ വസ്ത്രങ്ങള്‍ ഓരോന്നോരോന്നായി അഴിഞ്ഞു വീഴുന്നതായി അവള്‍ക് തോന്നി , പൂര്‍ണ നഗ്നയായി അവള്‍ വിസ്തരിക്കപ്പെടാന്‍ നില്‍കുമ്പോള്‍ പുറത്തു സദാചാര  പ്രാസംഗികര്‍ തകര്‍ത്തു പ്രസംഗിക്കുന്നുണ്ടായിരുന്നു .  




Thursday 20 October 2011

മാസ്റ്റര്‍ പീസ്

രാജേട്ടന്‍  കൊണ്ടു വന്ന മധുരം ഇല്ലാത്ത ചായ കുടിച്ചു കൊണ്ടിരിക്കെ അയാള്‍ ഓര്‍ത്തു തന്റെ കഥകള്‍ കുറേ ആള്‍ക്കാരെയെങ്കിലും സ്വാധീനിച്ചിട്ടുണ്ടാകില്ലേ?
തന്റെ കഥകളും രാജേട്ടന്റെ ചായയും ഏകദേശം ഒരു പോലെ തന്നെയാണ് അയാള്‍ മനസ്സില്‍ പറഞ്ഞു. രാജേട്ടന്റെ ചായക്ക് മധുരം ഇല്ല, തന്റെ കഥകള്‍ക്കും.  

"വായനക്കാരനെ പിടിച്ചിരുത്താന്‍ കഴിയാത്ത കഥകള്‍ ചവറ്റുകൊട്ടയ്ക്ക് ഉള്ള നിക്ഷേപങ്ങള്‍ ആണ്" ദീപ ഒരിക്കല്‍ പറഞ്ഞു.
അവള്‍ എന്നും അങ്ങനെയായിരുന്നു തന്റെ കഥകളുടെ യഥാര്‍ഥ വിമര്‍ശക.

“എന്റെ കഥയും നിന്റെ പ്രണയവും രണ്ടും രാജേട്ടന്റെ ചായ പോലെയാണ് താന്‍ തിരിച്ചടിച്ചു”.
പിണക്കം നടിച്ചുപോകുന്ന അവളെ നോക്കി അയാള്‍ മനസ്സില്‍ പറയുമായിരുന്നു നിന്റെ പ്രണയവും, എന്റെ കഥകളും, രാജേട്ടന്റെ ചായയും എനിക്കെത്ര പ്രിയപ്പെട്ടതാണെന്നു നീ അറിയുന്നുണ്ടോ?
ഓഫീസ് ഫയലുകള്‍ക്കിടയില്‍ എന്നും തന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തുന്നത് ഇതേ തുമ്മല്‍ ആണെന്നുള്ള തിരിച്ചറിവോടെ അയാള്‍ ഔദ്യോഗിക കാര്യങ്ങളിലേക്ക് കടന്നു.
“ആ ഓവര്‍ബ്രിഡ്ജിന്റെ അപ്പ്രൂവല്‍ എന്തായി?” മാനേജര്‍ മാഡത്തിന്റെ ചോദ്യം. കുറേ ദിവസമായി അവര്‍ ആ ഓവര്‍ബ്രിഡ്ജിന്റെ പുറകെയാണ് അയാള്‍ ഓര്‍ത്തു.
അവരെ തൃപ്തിപ്പെടുത്താന്‍ തക്ക മറുപടികള്‍ കൊടുത്തിട്ടയാള്‍ തന്റെ ചിന്തകളിലേക്ക് മടങ്ങി
എന്നും താന്‍ മനസ്സില്‍ പറയുമായിരുന്നു ഈ ഓഫീസ് തനിക്കൊരു ഇടത്താവളം മാത്രമാണ്, തന്റെ മാസ്റ്റര്‍ പീസ് താന്‍ എഴുതുന്നത്‌ വരെ മാത്രം ഉള്ള ഒരു ഇടത്താവളം. ജീവിക്കാന്‍ ഗതിയില്ലാതെ വന്നപ്പോഴായിരുന്നില്ല  താന്‍ ഈ ഓഫീസിലേക്ക് കാലെടുത്തു വച്ചത് അയാള്‍ ഓര്‍ത്തു.
നല്ല സൃഷ്ടികള്‍ എഴുതാന്‍ എന്നും ഇടവേളകള്‍ വേണം എന്ന് അയാള്‍ മനസ്സിലാക്കിയിരുന്നു, ആ തിരിച്ചറിവാണ് അയാളെ ആ ഓഫീസിന്റെ വരാന്തയിലെത്തിച്ചത്.
“ഇന്നും അവര്‍ എന്നെ ചീത്ത പറഞ്ഞു” രാജേട്ടനെ തന്റെ പരാതികെട്ട് അഴിച്ചപ്പോള്‍ അയാള്‍ ചിന്തകളില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചു വന്നു.
ചായയാണോ കാരണം ? അയാള്‍ ചോദിച്ചു.
“അതെ എന്നും അത് തന്നെ ആണല്ലോ കാരണം"

ഈ മനുഷ്യന്റെ ചായ താന്‍ മാത്രം ആണ് ഇഷ്ടപ്പെടുന്നത് എന്ന് അയാള്‍ മനസ്സില്‍ ഓര്‍ത്തു, ആദ്യമൊക്കെ തനിക്കും തീരെ ഇഷ്ടമല്ലായിരുന്നു പിന്നീട് എപ്പോഴോ മനസ് പാകപ്പെട്ടു പോയി. ഇപ്പോള്‍ ഈ ചായ കുടിക്കാതെ തനിക്ക് ഒരു ദിവസം  തുടങ്ങാന്‍ കഴിയില്ല. മാഡത്തിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഭൂമിയില്‍ ഭൂരിഭാഗം പേരും തന്നെ പോലെ മാനസിക പ്രശ്നം  ഉള്ളവരല്ല, അവരെല്ലാം വെത്യസ്തത ഇഷ്ടപ്പെടുന്നു.
“ചേട്ടന് വായ തുറന്നു എതിര്‍ത്തു കൂടാരുന്നോ?
 
"മോനെ വീട്ടില്‍ മൂന്നു കുട്ടികളും വയ്യാത്ത അവരുടെ തള്ളയും ഉണ്ട്" രാജേട്ടന്‍ മറുപടി പറഞ്ഞു.
അതെ, പ്രാരാബ്ധങ്ങള്‍ ആണ് ഈ നാട്ടില്‍  മനുഷ്യന്റെ ക്ഷമ യുടെ തോത് നിര്‍ണയിക്കുന്നത്.
“സര്‍ ആ ഓവര്‍ ബ്രിഡ്ജ് കേസ് വീണ്ടും വന്നിട്ടുണ്ട് സാറിനെ കാണണം എന്ന് പറഞ്ഞു നില്‍ക്കുന്നു" താമസിച്ചു പോയതിന്റെ തിടുക്കത്തില്‍ ഉള്ളിലേക്ക് കയറി വന്ന റഷീദ്‌ ആണ് അത് പറഞ്ഞത്.
ഓവര്‍ ബ്രിഡ്ജ് കേസ് ആള്‍ക്കാര്‍ക്ക്‌ എല്ലാം ഒരു തമാശ  ആണ്, ഓവര്‍ ബ്രിഡ്ജ് വന്നാല്‍ നഷ്ടപ്പെടുന്നത് അവര്‍ക്ക് അവരുടെ കിടപ്പാടം ആണ്.പക്ഷെ ഓവര്‍ ബ്രിഡ്ജ് കാലത്തിന്റെ ആവശ്യവും. അവര്‍ ഒരാള്‍ മാത്രം, ബാക്കി എല്ലാവരും കിട്ടുന്ന കാശും വാങ്ങി പോകാന്‍ നില്‍ക്കുന്നു. അവരെല്ലാം ശരിക്കും പറഞ്ഞാല്‍ സന്തോഷത്തില്‍ ആണ്, ഒരു തുണ്ട് ഭൂമി  പോലും അവരുടെ സ്വന്തമല്ല എന്നിട്ടും ശല്യം ഒഴിവാക്കാന്‍ പണം കൊടുക്കാന്‍ തയ്യാറായി നില്‍കുന്ന മേലധികാരികള്‍.
അവരുടെ പ്രശനം വൈകാരിക തലത്തിലാണ് അത് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയില്ല, എന്തിനാണ് അവര്‍ തന്നെ ഇടയ്ക്കിടെ വന്നു കാണുന്നത് എന്ന് അയാള്‍ പലവട്ടം ഓര്‍ത്തിട്ടുണ്ട്. തന്റെ വൈകാരിക തലം ദുര്‍ബലം ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ടാവണം. 

ദീപ ഇടയ്ക്കിടെ പറയും "നിങ്ങള്‍ കഥാകൃത്തുക്കള്‍ സത്യത്തില്‍ ബുദ്ധി ജീവികള്‍ ഒന്നുമല്ല വെറും വികാര ജീവികളാണ്"
അനുഭവങ്ങളിലൂടെ  അന്യരുടെ കഥ എഴുതി വിറ്റു ജീവിക്കുന്ന തനിക്ക് അവരോടു കുറച്ചും കൂടി ഉത്തരവാദിത്വം വേണ്ടതാണ് അയാള്‍ ഓര്‍ത്തു. ഈ സ്ത്രീ അത് പോലെ ഒരു കഥാ പാത്രം ആണ് ഒരു പാട് കഥകള്‍ ഉള്ള സ്ത്രീ.
നല്ല മഴയുള്ള ഒരു ദിവസം രാവിലെ അവര്‍ പാതി നനഞ്ഞ നാലഞ്ചു നോട്ടുകളുമായി തന്നെ  കാണാന്‍ വന്നത് ഇപ്പോഴും  ഓര്‍ക്കുന്നു. വിലക്കെടുക്കാന്‍ വന്ന ആ സ്ത്രീയോട് ആദ്യം തോന്നിയ ദേഷ്യം പിന്നീട് എപ്പോഴോ കൊഴിഞ്ഞു വീണു. സ്നേഹം മാത്രം കൈമുതലായുള്ള  ആ സ്ത്രീയോട് പിന്നീട് എപ്പോഴൊക്കെയോ ആദരവും തോന്നി തുടങ്ങി. അവര്‍ക്കും ഉണ്ടാകും ഒരു കഥ തന്നോട് പറയാന്‍ എന്ന് എപ്പോഴും തോന്നിയിട്ടുണ്ട് ഒരിക്കലും ചോദിച്ചില്ല. 

അവരുമായുള്ള കൂടിക്കാഴ്ച്ചകള്‍ പലപ്പോഴും വെറും മൌനത്തിന്റെയും കണ്ണുനീരിന്റെയും നിമിഷങ്ങള്‍ മാത്രം ആയിരുന്നു.
“എനിക്കറിയാമായിരുന്നു നിനക്കൊന്നും ചെയ്യാന്‍ കഴിയില്ല എന്ന് എന്നിട്ടും ഞാന്‍ എന്തിനു നിന്നെ ഇങ്ങനെ ശല്യം ചെയ്തു എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല നിന്നോടൊപ്പം ചിലവിട്ട നിമിഷങ്ങള്‍ ഞാന്‍ ഇഷ്ടപ്പെട്ടിരിക്കാം"അവര്‍ പറഞ്ഞു തുടങ്ങി.
അവരെ യാത്രയാക്കി  തിരിച്ചു സീറ്റില്‍ എത്തുമ്പോഴേക്കും സമയം കുറേ കഴിഞ്ഞിരുന്നു. മാനേജരിന്റെ തുറിച്ച കണ്ണുകള്‍ക് മറുപടിയായി ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അയാള്‍ ഫയലുകള്‍ക്കിടയിലേക്കു  തല പൂഴ്ത്തി
ഇന്നെന്തേ  ആ സ്ത്രീ എന്നോടിത്ര സംസാരിച്ചു അവരുടെ കഥ ഞാന്‍ ചോദിക്കാതെ തന്നെ അവര്‍ പറഞ്ഞു? അയാള്‍ ഓര്‍ത്തു. ഒരു പാട് കഥകള്‍ താന്‍ കേട്ടിട്ടുണ്ട് ഇത്രത്തോളം നൊമ്പരത്തെ കേട്ട കഥകള്‍ കുറവാണു, തലയിലൂടെ മിന്നല്‍പ്പിണര്‍ പാഞ്ഞ പോലെ അയാള്‍ക് തോന്നി മനോഹരമായ ഒരു കഥ മനസ്സില്‍ ഉടലെടുക്കാന്‍ തുടങ്ങി. അതെ ഇതാണ് എന്റെ മാസ്റ്റര്‍ പീസ് അയാള്‍ മനസ്സില്‍ ഓര്‍ത്തു. ഒരു പ്രത്യേക തരം അനുഭൂതി  അയാളില്‍ വന്നു ചേര്‍ന്നു.
ഒരു കഥാകാരന് കഥ പിറവി എടുക്കുമ്പോള്‍ അറിയാം അവന്റെ കഥ എത്രമാത്രം സ്വീകരിക്കപ്പെടുമെന്ന് അതാണ് ഒരു സര്‍ഗസംബന്നനായ കഥാകൃത്തിന്റെ കഴിവ് അയാള്‍ ആത്മഗതം പോലെ പറഞ്ഞു.
നിമിഷങ്ങള്‍ യുഗങ്ങളായി അയാള്‍ ആകെ ഒരു ഉന്മാദ അവസ്ഥയില്‍ എത്തിയിരുന്നു, തന്റെ ഇടത്താവളം ഇനി വേണ്ടി വരില്ല എന്നോര്‍ത്തപ്പോള്‍ അയാള്‍ക് ഒരു പ്രത്യേകതരം സഹതാപം ആ ഓഫീസിനോടും അതിലെ സഹജീവനക്കാരോടും തോന്നി. ആത്മാര്‍ഥമായി പണി എടുത്ത ആദ്യ ദിവസം അവസാനിക്കുംപോളേക്കും അയാള്‍ ഒരു കാറ്റുപോലെ ആണ് സ്വന്തം കാറിലേക്ക് കയറിയത്.
തന്റെ പല കഥകളും ഇതിനകം അവാര്‍ഡുകള്‍ വാങ്ങി കൂട്ടിയിട്ടുണ്ട് അയാള്‍ ഓര്‍ത്തു, ആധുനിക കഥാകൃത്തുക്കളിലെ  നവമുകുളം എന്ന് തന്റെ കഥകള്‍ വായിച്ചു നിരൂപകര്‍ എഴുതി വിട്ടു. എന്നിട്ടും തനിക്ക് വായനക്കാരെ വല്ലാതെ സ്വാധീനിക്കുന്ന ഒരു കഥാതന്തു ഇന്നു വരെ കിട്ടിയിട്ടില്ല എന്നുള്ളതാണ് സത്യം. വായനക്കാര്‍ പലതു തന്റെ പേര് കേട്ടാല്‍ അറിയും കഥ വായിക്കാതെ തന്നെ. പക്ഷേ അതൊരു കഥാകൃത്തിന്റെ വിജയം ആണോ? അയാള്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഇന്നിതാദ്യമായി  അയാള്‍ ഒരു പാട് കൊതിച്ചിരുന്ന ഒരു ത്രെഡ് ഒരു കഥാതന്തു കൈ വന്നു ചേര്‍ന്നിരിക്കുന്നു.
അയാളുടെ മനസിന്റെ വേഗം കാറിനെയും വേഗതയില്‍ കുതിപ്പിച്ചു കൊണ്ടിരുന്നു, വീടിന്റെ തൊട്ടടുത്ത്‌ കാര്‍ നിന്ന് പോയപ്പോഴും  അയാള്‍  ഇറങ്ങി ഓടുകയായിരുന്നു. തുറന്നു കിടന്ന വാതിലിലൂടെ അയാള്‍ തന്റെ മുറിയിലേക്ക് ഓടി കിതച്ചെത്തി, തൊട്ടടുത്ത മുറിയില്‍ കുളി മുറിയില്‍ നിന്നും അവള്‍ കുളിക്കുന്ന ശബ്ദം അയാള്‍ക്ക് കേള്‍ക്കാമായിരുന്നു അവളെ താന്‍ എത്തിയ വിവരം അറിയിക്കാന്‍ പോലും മിനക്കെടാതെ അയാളുടെ കണ്ണുകള്‍ പേപ്പറും പേനയും പരതി കൊണ്ടിരുന്നു.
എത്ര ശ്രമിച്ചിട്ടും എടുക്കുവാന്‍ കഴിയാതെ കയ്യില്‍ നിന്നും വഴുതി പൊയ്കൊണ്ടിരിക്കുന്ന പേപ്പറും പേനയും അല്ഭുതത്തോടെ അയാള്‍ നോക്കി നില്‍ക്കെ, വഴിയില്‍ അപകടത്തില്‍ പെട്ട കാര്‍യാത്രക്കാരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ........